ബാറ്ററി  സ്വാപിംഗ് കേന്ദ്രവും ചാര്‍ജിംഗ് സൗകര്യവും വിപുലീകരിക്കും – മന്ത്രി കെ. എന്‍. ബാലഗോപാല്‍

 
33

പുതിയ കാലത്തിന്റെ ആവശ്യകതയായ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള പുതിയ ചാര്‍ജ്ജിംഗ് കേന്ദ്രവും ആദ്യ ബാറ്ററി സ്വാപിംഗ് സംവിധാനവും ജില്ലയില്‍ തുടങ്ങുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. വാളകത്ത് നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ഇന്ധനമാക്കുന്ന വാഹനങ്ങളുടെ കാലം വരുന്ന പശ്ചാത്തലത്തില്‍ അവയ്ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ചാര്‍ജ് ചെയ്യാന്‍ പരമാവധി കേന്ദ്രങ്ങളുണ്ടാകണം. അതിലുപരി സമയം ലാഭിക്കുന്നതിനായി ചാര്‍ജ്ജുള്ള ബാറ്ററികള്‍ താത്ക്കാലികമായ മാറ്റി യാത്ര തുടരാനുള്ള സംവിധാനവും വിപുലീകരിക്കണം. സ്വാപിംഗ് എന്ന ആശയത്തിന് പിന്നിലുള്ളത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

വാളകം മെഴ്‌സി ആശുപത്രിക്ക് സമീപമുള്ള സ്ഥലമാണ് ജില്ലയിലെ ആദ്യ ബാറ്ററി സ്വാപിംഗ് കേന്ദ്രത്തിനായി പരിഗണിക്കുന്നത്. ഇതോടൊപ്പം 33 കെ. വി. സബ്‌സ്റ്റേഷൻ സ്ഥാപിച്ച് വൈദ്യുതി പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാനാകും. ഇതിനുള്ള സാധ്യതാ പഠനമാണ് നടത്തുന്നത്. കെ. എസ്. ഇ. ബി, കെ. എസ്. ടി. പി എന്നിവയെ പദ്ധതിയുടെ നിര്‍വഹണത്തിനുള്ള സാഹചര്യം പഠനവിധേയമാക്കി റിപോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തി.

വാളകം ജംക്ഷനില്‍ സ്ഥിരമായി വെള്ളപ്പൊക്കം അനുഭവപ്പെടുന്നതിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതു പോലെ വാളകം വില്ലേജ് ഓഫീസ് പുതുക്കി പണിയുന്നതിനുളള നടപടികളും സ്വീകരിക്കും. സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്ന നിലയ്ക്ക് ആധുനീകരണം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

പുനലൂര്‍ ആര്‍. ഡി. ഒ ബി. ശശികുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, കെ. എസ്. ഇ. ബി., കെ. എസ്. ടി. പി., റവന്യു, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.

From around the web