പുതിയ പ്രമേയങ്ങൾക്കുള്ള പ്രോത്‌സാഹനമാണ് സിനിമാ അവാർഡുകൾ: മുഖ്യമന്ത്രി

 
51
 

കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പ്രമേയവും ദൃശ്യ സാധ്യതകളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞ 50 വർഷത്തെ ചലച്ചിത്ര അവാർഡുകൾ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമർപ്പണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രൊഫഷണൽ സമീപനവും വിശ്വാസ്യതയും നിലനിർത്തിയാണ് സംസ്ഥാന സിനിമാ അവാർഡുകൾ നിർണയിക്കുന്നത്. സിനിമയെ വിനോദ വ്യവസായം, കലാരൂപം എന്നീ രണ്ട് നിലകളിൽ പരിഗണിക്കാവുന്നതാണ്. ഉന്നതമായ കലാരൂപം എന്ന നിലയിൽ പ്രോൽസാഹനവും  പ്രചോദനവും നൽകുന്നതിനാണ് സിനിമാ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിറഞ്ഞ മനസ്സോടെയാണ് ചലച്ചിത്ര പ്രവർത്തകർ ഈ അവാർഡുകൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മാധ്യമമെന്ന നിലയിൽ കഴിഞ്ഞ വർഷ സിനിമകൾ ശക്തമായ ഉള്ളടക്കമുള്ളവയായിരുന്നു. പുരോഗമനപരമായ കാഴ്ചപ്പാട് ഉയർത്തി പിടിക്കുന്ന, ഓരങ്ങളിൽ ജീവിക്കുന്ന, അടിച്ചമർത്തപ്പെട്ടവരുടെ കഥകൾ പറയുന്നവയാണ് അവാർഡിനർഹമായ സിനിമകൾ. സകല ജീവജാലങ്ങളെയും പരിഗണിക്കുന്ന ആശയമാണ് മികച്ച സിനിമയായ ‘ആവാസവ്യൂഹം’ മുന്നോട്ട് വയ്ക്കുന്നത്. കീഴാളരുടെ വരേണ്യ വർഗത്തോടുള്ള പ്രതിഷേധത്തെ അടയാളപ്പെടുത്തുകയാണ് മികച്ച രണ്ടാമത്തെ ചിത്രമായ ‘ചവിട്ട്’. കൂടിയേറ്റ തൊഴിലാളികളുടെ കഥ പറയുന്ന അവാർഡിനർഹമായ ‘നിഷിദ്ധോ’ സിനിമ വനിതാ സംവിധായകർക്ക് സംസ്ഥാന സർക്കാർ നൽകിയ സഹായമെന്ന നിലയിൽ ശ്രദ്ധേയമാണ്. സിനിമയുടെ സാങ്കേതിക മേഖലയിലുൾപ്പെടെ എല്ലാ മേഖലയിലും വനിതാ നാന്നിദ്ധ്യമുണ്ടാകണം എന്നതാണ് സർക്കാരിന്റെ നയം. നിഷിദ്ധോവിനുള്ള അവാർഡ് സർക്കാർ നയത്തിനുള്ള അംഗീകാരം കൂടിയാണ്. വനിതാ ചലച്ചിത്ര പ്രവർത്തകർക്കായി 3 കോടി രൂപ സർക്കാർ  ബജറ്റിൽ ഉൾപ്പെടുത്തി. സിനിമ അവാർഡിന്റെ അര നൂറ്റാണ്ട് ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ് വുമൺ അവാർഡിന് അർഹയായി എന്നത് സന്തോഷകരമാണ്. ‘അന്തരം’ എന്ന ചിത്രത്തിലൂടെ നേഹയാണ് അവാർഡിന് അർഹയായിരിക്കുന്നത്. പ്രാന്തവൽക്കരിക്കപ്പെട്ടവരെയും എല്ലാവിഭാഗങ്ങളെയും ചേർത്തു പിടിക്കുന്ന സിനിമാ അവാർഡാണിത്.

മലയാള സിനിമയുടെ നവതരംഗത്തിന്റെ തുടക്കക്കാരനായ അടൂർ ഗോപാലകൃഷ്ണന്റെ സഹസംവിധായകനായി കടന്നു വന്ന ചലച്ചിത്ര പ്രവർത്തകനാണ് കെ. പി കുമാരൻ. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ‘റോക്ക്’ ഹ്രസ്വ ചിത്രം അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മലയാള സമാന്തര സിനിമയുടെ  ചരിത്രത്തിലെ നാഴികക്കല്ലാണ് കെ പി കുമാരന്റെ ‘അതിഥി’ എന്ന സിനിമ. ഗ്രാമവൃക്ഷത്തിലെ കുയിൽ വരെ എത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ 50 വർഷ സിനിമ ജീവിത ത്തിനുള്ള അംഗീകാരവും അഭിനന്ദനവുമാണ് ജെ സി ഡാനിയൽ പുരസ്‌കാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യപ്രവർത്തകനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ ശശികുമാറിന്റേത് മതേതര പുരോഗമന മൂല്യങ്ങളിലൂന്നിയ മാധ്യമ പ്രവർത്തന ജീവിതമാണ്. ദൃശ്യ മാധ്യമ രംഗത്ത് മിതത്വം, മര്യാദ, സൂക്ഷ്മത എന്നിവ പുലർത്തി മാതൃക കാട്ടിയ മാധ്യമ പ്രവർത്തകനാണദ്ദേഹം.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തിളക്കമാർന്ന പ്രകടനമാണ് മലയാള സിനിമ കാഴ്ചവെക്കുന്നത്. പ്രതിസന്ധിയിലും കോവിഡ് കാലത്തും മികച്ച ചിത്രങ്ങൾ സൃഷ്ടിക്കാൻ സാധിച്ച മലയാള സിനിമ പ്രവർത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ കെ.പി. കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ലൈഫ്‌ടൈം അച്ചിവ്‌മെന്റ് പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിച്ചു. ചലച്ചിത്ര അവാർഡുകളും മുഖ്യമന്ത്രി സമ്മാനിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി വി. എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

2021ലെ ചലച്ചിത്ര അവാർഡ് വിശദാംശങ്ങൾ അടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഗതാഗത മന്ത്രി ആന്റണി രാജുവിനു നൽകി പ്രകാശനം ചെയ്തു. ‘മലയാള സിനിമാ നാൾവഴികൾ’ എന്ന റഫറൻസ് ഗ്രന്ഥത്തിന്റെ പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, വി കെ. പ്രശാന്ത് എംഎൽഎയ്ക്കു നൽകി നിർവഹിച്ചു.

ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചലച്ചിത്ര വിഭാഗം ജൂറി ചെയർമാൻ സയ്യിദ് മിർസ, രചനാ വിഭാഗം ചെയർമാൻ വി.കെ. ജോസഫ്, ചലച്ചിത്ര അവാർഡ് ജൂറി അംഗങ്ങളായ സുന്ദർദാസ്, ഫൗസിയ ഫാത്തിമ, ബൈജു ചന്ദ്രൻ, മൈക്കിൾ വേണുഗോപാൽ, വി ആർ സുധീഷ്, രചന വിഭാഗം ജൂറി ചെയർമാനായ ഡോ.അജു നാരായണൻ, ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ജൂറി അംഗവും മാധ്യമപ്രവർത്തകനുമായ വെങ്കിടേഷ് രാമകൃഷ്ണൻ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.   പുരസ്‌കാര സമർപ്പണ ചടങ്ങിനുശേഷം ബിജിബാൽ നയിച്ച സൗണ്ട് ഓഫ് മ്യൂസിക്ക് എന്ന സംഗീതപരിപാടി അരങ്ങേറി.

From around the web