ഐപിഒ വഴി 2,300 കോടി രൂപ സമാഹരിക്കാനൊരുങ്ങി ജോയ്ആലൂക്കാസ്

 
35

കൊച്ചി:  രാജ്യത്തെ മുന്‍നിര ജുവല്ലറികളിലൊന്നായ കേരളം ആസ്ഥാനമായുള്ള ജോയ്ആലൂക്കാസ് പ്രധമ ഓഹരി വില്‍പനയിലൂടെ 2,300 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഇതിനുള്ള നിര്‍ദ്ദേശം (ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ്) സെബിക്കു അപേക്ഷ സമര്‍പ്പിച്ചു.  പത്തു രൂപ മുഖവിലയുള്ള പുതിയ ഓഹരികളായിരിക്കും പബ്ലിക് ഇഷ്യു വഴി നല്‍കുക.  ഇതിന്റെ 50 ശതമാനത്തില്‍ കവിയാത്ത വിധത്തില്‍ യോഗ്യരായ സ്ഥാപനങ്ങള്‍ക്കു നല്‍കും. 15 ശതമാനത്തില്‍ കുറയാതെ സ്ഥാപന ഇതര ബിഡര്‍മാര്‍ക്കും 35 ശതമാനത്തില്‍ കുറയാതെ ചെറുകിട വ്യക്തിഗത നിക്ഷേപകര്‍ക്കും നല്‍കും.  2021 സെപ്റ്റംബര്‍ 30-ലെ കണക്കു പ്രകാരം കമ്പനിയുടെ വരുമാനത്തിന്റെ 93.3 ശതമാനവും ദക്ഷിണ മേഖലയില്‍ നിന്നാണ്. 3.37 ശതമാനം പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും. കമ്പനി അടുത്ത രണ്ടു വര്‍ഷങ്ങളില്‍ തെലുങ്കാന, മഹാരാഷ്ട്ര, ഒഡീഷ. കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി എട്ടു പുതിയ ഷോറൂമുകള്‍ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്.


പുതുതായി വിതരണം ചെയ്യുന്ന ഓഹരികളിലൂടെ സമാഹരിക്കുന്ന തുകയിൽ 1,400 കോടി രൂപ കമ്പനിയുടെ കടങ്ങള്‍ തിരിച്ചടക്കുന്നതിനും മുന്‍കൂട്ടി തിരിച്ചടക്കുന്നതിനും വിനിയോഗിക്കും. 463.90 കോടി രൂപ പുതിയ എട്ടു ഷോറൂമുകള്‍ക്കു ധനസഹായം നല്‍കുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. ജുവല്ലറി രംഗത്ത് 33 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ആലൂകാസ് വര്‍ഗീസ് ജോയ് സ്ഥാപിച്ച സ്ഥാപനം കോട്ടയത്ത് ഷോറുമുമായി 2002-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ജോയാലൂകാസ് ബ്രാന്‍ഡില്‍ 85 ഷോറൂമുകളുടെ ശൃംഖലയായി വളര്‍ന്നു. 2022 ജനുവരി 31-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 68 പട്ടണങ്ങളിലായി 344,458 ചതുരശ്ര അടിയാണ് ഇപ്പോള്‍ ഈ ശൃംഖലയ്ക്കുള്ളത്.  85 ഷോറൂമുകളില്‍ ആറെണ്ണം 8,000 ചതുരശ്ര അടിയോ അധികമോ ഉള്ള വന്‍ ഫോര്‍മാറ്റ് ഷോറൂമുകളാണ്. ചെന്നൈയിലെ 13,000 ചതുരശ്ര അടി ഷോറൂം ഉള്‍പ്പെടെയാണിത്.  പതിനായിരത്തിലേറെ ജുവല്ലറി ഡിസൈനുകളാണ് വിവിധ വില നിരവാരങ്ങളിലായി അവതരിപ്പിക്കുന്നത്.
ജോയ്ആലൂക്കാസ് 2021 സാമ്പത്തിക വര്‍ഷം 471.75 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്. 8,066.29 കോടി രൂപയുടെ വരുമാനവും നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു വളര്‍ച്ചയാണ് ഈ രണ്ടു മേഖലകളിലും നേടിയത്.  

From around the web