കോതമംഗലം - മൂന്നാര്‍ ജംഗിള്‍ സഫാരി വന്‍ വിജയം

 
63
 

ഭൂതത്താന്‍കെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്‍, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, പിന്നെ കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും ... 'കോതമംഗലം- കുട്ടമ്പുഴ- മാങ്കുളം- ലക്ഷ്മി എസ്റ്റേറ്റ്' അത്ര പരിചിതമല്ലാത്ത ഈ വഴിയിലൂടെയുള്ള മൂന്നാര്‍ യാത്രയുടെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞ് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ജംഗിള്‍ സഫാരി വിജയകരമായി മുന്നേറുകയാണ്. ഇതുവരെ 197 ട്രിപ്പുകളിലായി 9697 പേരാണ് കെഎസ്.ആര്‍.ടി.സിയുടെ ജംഗിള്‍ സഫാരി ആസ്വദിച്ചത്. ഇതിലൂടെ 51,20,384 രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം. ഇതുവരെയുള്ള ഓപ്പറേഷന്‍ 45,200 കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു. ഇതിനായി ഏകദേശം 12,800 ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ചു. ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളുമെല്ലാം കഴിച്ച് 25,20,129 രൂപയാണ് മെയ് മാസം വരെയുള്ള ലാഭം.

കഴിഞ്ഞ വര്‍ഷം നവംബര്‍ 28 - നാണ് ജംഗിള്‍ സഫാരിക്ക് കോതമംഗലം ഡിപ്പോയില്‍ നിന്ന് ആരംഭം കുറിച്ചത്. ഒരു ബസില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് യാത്രികരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഒരു ദിവസം ഏഴ് ബസ്സുകള്‍ വരെ സഫാരി നടത്തിയിട്ടുണ്ട്.

കോതമംഗലത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത് ഭൂതത്താന്‍കെട്ടില്‍ എത്തുകയും ഭൂതത്താന്‍കെട്ടില്‍ നിന്നും ബോട്ടിലൂടെ യാത്ര ചെയ്ത് തട്ടേക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കണ്ട് തട്ടേക്കാട് ഇറങ്ങുകയും, തട്ടേക്കാട് നിന്നും വീണ്ടും കെ.എസ്.ആര്‍.ടിസി ബസില്‍ യാത്ര തുടരുകയും ചെയ്യും. കുട്ടമ്പുഴ,മാമലക്കണ്ടം മാങ്കുളം, ആനക്കുളം,പെരുമ്പന്‍കുത്ത് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പെരുമ്പന്‍കുത്തിന് സമീപമുളള ഒരു റിസോര്‍ട്ടില്‍ ഉച്ചഭക്ഷണവും കഴിച്ച് ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക് യാത്ര തുടരും. ആദ്യം ബോട്ട് യാത്രയും ആനക്കുളം സന്ദര്‍ശനവും പാക്കേജില്‍ ഉണ്ടായിരുന്നില്ല. ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായാണ് അവ ഉള്‍പ്പെടുത്തിയത്.

ജംഗിള്‍ സഫാരി ആരംഭിക്കുമ്പോള്‍ ഒരാള്‍ക്ക് 550 രൂപയായിരുന്നു നിരക്ക്. ബോട്ട് യാത്ര കൂടി ഉള്‍പ്പെടുത്തിയതിന് ശേഷം ഇതില്‍ നേരിയ വര്‍ദ്ധവനവുണ്ടായി. ഇപ്പോള്‍ 700 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ച ഭക്ഷണവും വൈകിട്ട് ചായയും ഉള്‍പ്പെട്ടതാണ് പാക്കേജ്. രാവിലെ എട്ട് മണിക്ക് കോതമംഗലത്ത് നിന്ന് പുറപ്പെട്ട് രാത്രി പത്ത് മണിയോടെ തിരിച്ചെത്തുന്ന വിധമാണ് ജംഗിള്‍ സഫാരി ക്രിമീരിച്ചിട്ടിള്ളത്. മടക്കയാത്ര മൂന്നാര്‍ -ആലുവ റോഡ് വഴിയാണ്.

പക്ഷികളെയും മൃഗങ്ങളെയും കണ്ടുകൊണ്ട് ബോട്ടില്‍ പെരിയാറിലൂടെ, കാടിനെ അടുത്തറിഞ്ഞുകൊണ്ട് മാമലക്കണ്ടം വനത്തിലൂടെ, തേയിലത്തോട്ടത്തിന്റെ വശ്യഭംഗി ആസ്വദിച്ച് ലക്ഷ്മി എസ്റ്റേറ്റിലൂടെ അങ്ങനെ ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവങ്ങളാണ് ജംഗിള്‍ സഫാരി ഒരു യാത്രാ പ്രേമിക്ക് സമ്മാനിക്കുന്നത്. ജംഗിള്‍ സഫാരി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ബുക്കിങ്ങിനുള്ള നമ്പര്‍ 94479 84511, 94465 25773.

From around the web