ലൈഫ് രണ്ടാം ഘട്ട അപ്പീൽ വെള്ളിയാഴ്ച വരെ

 
15
 

ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ രണ്ടാം ഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം ജൂലൈ 8ന് അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ആദ്യഘട്ടത്തിൽ നൽകിയ അപ്പീൽ തള്ളിയവർക്കാണ് രണ്ടാം ഘട്ടം അപ്പീൽ നൽകാൻ കഴിയുക. ജൂലൈ ഒന്നിന് ആരംഭിച്ച രണ്ടാം ഘട്ട അപ്പീൽ സമർപ്പണത്തിൽ ഇതിനകം 5915 അപ്പീലുകളും അനർഹർ കടന്നുകൂടിയെന്നുള്ള ആറ് ആക്ഷേപങ്ങളുമാണ് ലഭിച്ചത്. അപ്പീൽ നൽകാനുള്ള അവസാന അവസരം എന്ന നിലയിൽ ഈ സാധ്യത എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ഭൂമിയില്ലാത്ത ഭവനരഹിതരുടെ 778 അപ്പീലുകളും ഭൂമിയുള്ള ഭവനരഹിതരുടെ 5137 അപ്പീലുകളുമാണ് രണ്ടാം ഘട്ടത്തിൽ ലഭിച്ചത്. നിലവിൽ കരട് ഗുണഭോക്തൃ പട്ടികയിൽ 5,60,758 പേരാണുള്ളത്. ആദ്യഘട്ട അപ്പീലിന്റെ ഭാഗമായി 46377 പേരെ പട്ടികയിൽ കൂട്ടിച്ചേർത്തിരുന്നു. ജൂലൈ 8 വരെ ലഭിക്കുന്ന രണ്ടാം ഘട്ടം അപ്പീലുകൾ ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് പരിശോധിക്കുക. ജൂലൈ 20നകം അപ്പീലുകൾ തീർപ്പാക്കി, പുതുക്കിയ പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും.   പട്ടികയ്ക്ക് വാർഡ്/ഗ്രാമ സഭയും പഞ്ചായത്ത്/നഗരസഭാ ഭരണസമിതിയും ഇതിന് ശേഷം അംഗീകാരം നൽകും. അനർഹർ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെങ്കിൽ ഒഴിവാക്കാൻ വാർഡ്/ഗ്രാമ സഭയ്ക്ക് അധികാരമുണ്ട്. ആഗസ്റ്റ് 16നാണ് അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധികരിക്കുന്നത്.

ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ അതിവേഗം കുതിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അർഹരായ ഒരാൾ പോലും പട്ടികയിൽ നിന്ന് ഒഴിവായിട്ടില്ലെന്നും അനർഹർ കടന്നുകൂടിയിട്ടില്ലെന്നും ഉറപ്പാക്കാൻ രണ്ടാം ഘട്ട അപ്പീൽ അവസരവും കൃത്യമായി ഉപയോഗിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

From around the web