എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള മെയ് 2 മുതല്‍ 9 വരെ മറൈന്‍ ഡ്രൈവില്‍

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ മെയ് 2 മുതല്‍ 9 വരെ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍ മുതല്‍ വ്യത്യസ്ത രുചികള്‍ വിളമ്പുന്ന ഫുഡ് കോര്‍ട്ട് വരെ ഒരുക്കും.
ഒരു ലക്ഷം ചതുരശ്ര അടി വിസ്താരത്തില്‍ ഒരുക്കുന്ന മെഗാ പ്രദര്‍ശന മേളയില്‍ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ നല്‍കുന്ന സ്റ്റാളുകള്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയിലും സംസ്ഥാനത്തും ഉണ്ടായ നേട്ടങ്ങള്‍, കേരളത്തിന്റെ ചരിത്രം, അഭിമാന നേട്ടങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി തീം ഏരിയ, കേരളത്തിന്റെ 10 വ്യത്യസ്ത അനുഭവങ്ങള്‍ റീക്രിയേറ്റ് ചെയ്യുന്ന കേരളത്തെ അറിയാം എന്ന ടുറിസം ഏരിയ എന്നിവ ഉണ്ടാകും. 150 വിപണന സ്റ്റാളുകള്‍, വകുപ്പുകളുടെ 60 തീം സ്റ്റാളുകള്‍, 15 സര്‍വീസ് സ്റ്റാളുകള്‍ എന്നിവയും ഒരുക്കും.
മെഗാ പ്രദര്‍ശന മേളയ്ക്കു മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. മേളയോടനുബന്ധിച്ച് ഓരോ വകുപ്പുകളും പൂര്‍ത്തിയാക്കേണ്ട ക്രമീകരണങ്ങള്‍ യോഗത്തില്‍ കളക്ടര്‍ വിവരിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന തരത്തില്‍ മേള ജനോപകാരപ്രദമാക്കാന്‍ വകുപ്പുകള്‍ ശ്രമിക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു.
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിക്ക് പുറമേ മേളയുടെ സുഗമമായ നടത്തിപ്പിന് 11 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികള്‍ പ്രത്യേകം യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുവാനും കളക്ടര്‍ നിര്‍ദേശിച്ചു. അടുത്ത ജില്ലാതല യോഗം ഏപ്രില്‍ 12 ന് ചേരും.