വിരമിക്കാന്‍ ആറു ദിവസം മാത്രം; പുരസ്കാരത്തിളക്കത്തില്‍ കളക്ടര്‍

 
33

ആലപ്പുഴയുടെ അതിജീവനപ്പോരാട്ടത്തിന്‍റെ മുന്നണിയില്‍ വിശ്രമം മറന്ന 20 മാസങ്ങള്‍ പിന്നിട്ട് വിരമിക്കാനിരിക്കെയാണ് സംസ്ഥാനത്തെ മികച്ച കളക്ടര്‍ക്കുള്ള പുരസ്കാരത്തിന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ലാന്‍ഡ് റവന്യു ദിനാചരണത്തോടനുബന്ധിച്ച് റവന്യു, സര്‍വേ വകുപ്പുകളിലെ മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പുരക്കാരം റവന്യു മന്ത്രി കെ. രാജനാണ് ഇന്ന് തിരുവന്തപുരത്ത് പ്രഖ്യാപിച്ചത്. മികച്ച കളക്ടര്‍മാരായി ഇദ്ദേഹത്തിനൊപ്പം തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസയും പാലക്കാട് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയും തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ ജില്ലയുടെ 52-ാമത്തെ കളക്ടറായി 2020 ജൂണ്‍ മാസത്തിലാണ് തിരുവനന്തപുരം സ്വദേശിയായ അലക്സാണ്ടര്‍ ചുമതലയേറ്റത്.

കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും വിപുല സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതും വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിനുള്ള മുന്‍കരുതല്‍ ക്രമീകരണങ്ങളും ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു നടത്തിയ ഇടപെടലുകളും ഏറെ ശ്രദ്ധേയമായി.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ മിഷനുകളുടെ നിര്‍വഹണം തുടങ്ങിയവ സുഗമമായി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കി. കളക്ടര്‍ എന്ന നിലയില്‍ പരമാവധി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നതിന് കോവിഡ് സാഹചര്യം തടസമായെങ്കിലും പൊതുസമൂഹത്തിന്‍റെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയാണ് ഏറ്റെടുത്ത ചുമതലകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാഹായിച്ചതെന്ന് അദ്ദേഹം പറയുന്നു. പ്രതിസന്ധികള്‍ക്കു നടുവിലും ശുഭപ്രതീക്ഷ കൈവെടിയാതെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകുന്ന ആലപ്പുഴയിലെ ജനങ്ങള്‍ ആത്മവിശ്വാസത്തിന്‍റെ മാതൃകയാണെന്ന് കളക്ടര്‍ വിലയിരുത്തുന്നു.

പൊഴികള്‍ തുറന്ന് ജലത്തിന്‍റെ ഒഴുക്ക് സുഗമാമാക്കി വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നെങ്കിലും ചര്‍ച്ചകളിലൂടെ വസ്തുകള്‍ മനസിലായപ്പോള്‍ പൂര്‍ണ സഹകരണം ലഭിച്ചു. കുട്ടനാട്ടില്‍ ചെളിയും മണലും നിറഞ്ഞുകിടന്ന് ഒഴുക്ക് തടസപ്പെട്ട പല മേഖലകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമാക്കിയത് സമീപ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം മൂലമുള്ള ദുരിതത്തിന്‍റെ തോത് കുറയ്ക്കുന്നതിന് സഹായകമായി.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ താരതമ്യേന കൂടുതലായി നേരിടുന്ന ജില്ലയാണ് ആലപ്പുഴ. ഇതു മനസിലാക്കിയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പെട്ടവരുടെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി പൊതു ജീവിതം ആരംഭിച്ച അലക്സാണ്ടര്‍ 1990ല്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറായാണ് സര്‍ക്കാര്‍ സര്‍വീസില്‍ എത്തുന്നത്.

വകുപ്പിലെ വിവിധ ചുമതലകള്‍ വഹിച്ച ഇദ്ദേഹം 2014ല്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണറും 2018ല്‍ ലേബര്‍ കമ്മീഷണറുമായി. ബില്‍ഡിംഗ് ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് സെക്രട്ടറി, ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടര്‍ തുടങ്ങിക പദവികളും ഇതിനിടയില്‍ വഹിച്ചിരുന്നു.

2019ല്‍ ഐ.എ.എസ് ലഭിച്ചതിനെത്തുടര്‍ന്ന് റവന്യു വകുപ്പില്‍ സബ് കളക്ടറായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍, ഹൗസിംഗ് ബോര്‍ഡ് കമ്മീഷണര്‍, സഹകരണസംഘം രജിസ്ട്രാര്‍ തുടങ്ങിയ പദവികളും വഹിച്ചശേഷമാണ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റത്.
ഭാര്യ: ടെല്‍മ. മക്കള്‍: ടോമി, ആഷ്മി.

From around the web