കോവിഡ് കാരണം രോഗികള്‍ക്ക് ചികില്‍സ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാവരുത്: ആരോഗ്യ മന്ത്രി

 
39

കോവിഡ് പോസിറ്റീവ് ആണെന്ന കാരണത്താല്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവരും ചികില്‍സയിലിരിക്കുന്നവരുമായ രോഗികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മറ്റും റഫര്‍ ചെയ്യുന്ന സ്ഥിതി ഉണ്ടാവരുതെന്നും അതത് ആശുപത്രികളില്‍ തന്നെ ചികില്‍സ ലഭ്യമാക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഓണ്‍ലൈനായി നടന്ന തൃശൂര്‍ ജില്ലാ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് ഉള്‍പ്പെടെയുള്ള ചികില്‍സയ്ക്ക് ആവശ്യമായ  മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം.

ജില്ലയില്‍ 97 ശതമാനം കോവിഡ് രോഗികളും വീടുകളില്‍ തന്നെ ചികില്‍സയില്‍ കഴിയുന്ന സാഹചര്യത്തില്‍ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ വീടുകളിലെത്തിക്കാന്‍ ആര്‍ആര്‍ടികള്‍ ശ്രദ്ധിക്കണം. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ വീടുകളില്‍ എത്തിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലയിലെ നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് ടെലിമെഡിസിന്‍ സേവനം ഇതിനകം ലഭ്യമാക്കിക്കഴിഞ്ഞു. ഇത് കൂടുതല്‍ വ്യാപിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കണം. കോവിഡ് രോഗികളുടെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെടുന്ന അപ്പീലുകളില്‍ 24 മണിക്കൂറിനകം തീരുമാനം എടുക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ആവശ്യമായ ഇടങ്ങളില്‍ ജനകീയ ഹോട്ടലുകള്‍ ആരംഭിച്ച് കോവിഡ് രോഗികള്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്തണം.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പിടിപെടുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിയ ഉച്ചയ്ക്കു ശേഷമുള്ള ഒപി ചികില്‍സ, അവര്‍ നെഗറ്റീവായി തിരികെയെത്തുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു, എംഎല്‍എമാരായ എ സി മൊയ്തീന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ടൈസണ്‍ മാസ്റ്റര്‍, വി ആര്‍ സുനില്‍കുമാര്‍, കെ കെ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഡിഎംഒ ഡോ. എന്‍ കെ കുട്ടപ്പന്‍, ഡിപിഎം ഡോ. രാഹുല്‍, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. കാവ്യ, ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) ഐ ജെ മധുസൂദനന്‍, ഡിഡിപി ജോസഫ് സെബാസ്റ്റ്യന്‍, തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ് പ്രതാപ്, സൂപ്രണ്ട് ഡോ. ബിജു കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

From around the web