ജനകീയ വിശ്രമ മന്ദിരങ്ങള്‍: പൊന്നാനിയില്‍ ഹൗസ് ഫുള്‍

മലപ്പുറം: പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ മന്ദിരങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നടപ്പാക്കിയതോടെ പൊന്നാനി പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തില്‍ എഴുപത്തിയഞ്ച് ദിവസം കൊണ്ട് 1,11,831 രൂപയാണ് മുറികള്‍, ഹാള്‍ ബുക്കിങ്ങിലൂടെ ലഭിച്ചത്. ഓഗസ്റ്റ് 21 മുതല്‍ നവംബര്‍ മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 118 പേരാണ് മന്ദിരത്തിലെ സൗകര്യം വിനിയോഗിച്ചത്.
പൊതുമരാമത്ത് വിശ്രമ മന്ദിരങ്ങള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസായി ഉയര്‍ത്തി ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതോടെ നിരവധിയാളുകളാണ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. പുതിയ കെട്ടിടത്തിലെ നാലും പഴയ കെട്ടിടത്തിലെ രണ്ടും ഉള്‍പ്പെടെ ആറ് ശീതീകരിച്ച മുറികളാണ് ഇവിടെ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. 750 രൂപയാണ് ഒരുദിവസത്തിന് ഈടാക്കുന്നത്. സ്വകാര്യ ഹോട്ടലുകളുടെ വാടകയേക്കാള്‍ വളരെ ലാഭമായാണ് വിശ്രമ കേന്ദ്രങ്ങളിലെ വാടക നിരക്ക് സജ്ജീകരിച്ചിരിക്കുന്നത്. വിശ്രമ കേന്ദ്രങ്ങളില്‍ താമസിക്കുന്നതിനായി എത്തുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് മുറികള്‍ ബുക്ക് ചെയ്യേണ്ടത്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടിട്ട വിശ്രമ മന്ദിരം പൊളിച്ചുനീക്കി പൊതുമരാമത്ത് വിഭാഗത്തിന്റെ 3.8 കോടി രൂപ ചെലവഴിച്ചാണ് വിശ്രമ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 8770 ചതുരശ്ര അടിയില്‍ ഇരു നിലകളിലായി നിര്‍മിച്ച മന്ദിരത്തില്‍ ആധുനിക രീതിയിലുള്ള മൂന്ന് സ്യൂട്ട് റൂമുകള്‍, നാല് സാധാരണ മുറികള്‍, അടുക്കള, ഡൈനിങ് ഹാള്‍, ഓഫിസ്, കെയര്‍ ടേക്കര്‍ റൂം എന്നിവ ഉള്‍പ്പെടുന്നു.