ശബരിമല തീർഥാടനം: നവംബർ 10നകം സൗകര്യങ്ങൾ സജ്ജമാകും

 
41
 

ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വർഷം കൂടുതൽ തീർഥാടകർ എത്താനുള്ള സാധ്യത മുൻനിർത്തി വിപുലമായ സൗകര്യങ്ങളാണു സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും മണ്ഡല, മകരവിളക്കു കാലം മുഴുവൻ പൊലീസിന്റെ സേവനം സജ്ജമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വിർച്വൽ ക്യൂ സംവിധാനം ഇത്തവണയും തുടരും. 12 കേന്ദ്രങ്ങളിൽ ബുക്കിങ്ങിനു സൗകര്യമുണ്ടാകും. തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സുരക്ഷിത തീർഥാടനം ഉറപ്പാക്കാൻ വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അനധികൃത കച്ചടവം തടയാൻ നടപടിയെടുക്കും. കാനനപാതകളടക്കം തീർഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുൻനിർത്തി ഇവിടങ്ങളിൽ ആവശ്യമായ താത്കാലിക ടോയ്ലെറ്റുകളും വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ തീർഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാർഡ് മെഷർമെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

തീർഥാടന പാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഒക്ടോബർ 29നു മുൻപ് മുറിച്ചു മാറ്റും. പമ്പയിലും സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം അറിയുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കും. വൈൽഡ് വാച്ച് എസ്.എം.എസ്. സംവിധാനം ഇത്തവണയും തുടരും. വാട്ടർ അതോറിറ്റിയുടെ എല്ലാ ജോലികളും ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ശുദ്ധജല ലഭ്യതയ്ക്കു പ്രത്യേക കിയോസ്‌കുകൾ സ്ഥാപിക്കും. തീർഥാടന പാതയിൽ 200 പുതിയ ടാപ്പുകളും സജ്ജമാക്കും. ജലനിലവാരം ഉറപ്പാക്കുന്നതിനു പ്രത്യേക ജീവനക്കാരെ വിന്യസിച്ചു താത്കാലിക ലാബ് സ്ഥാപിക്കും. പമ്പയിൽ ജലനിരപ്പ് സുരക്ഷിതമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ജലവിഭവ വകുപ്പ് ഒരുക്കും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സ്നാനഘട്ടങ്ങളിലും കുളിക്കവടുകളിലും പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.      

ശബരിമല സീസൺ പ്രമാണിച്ചു സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽനിന്നു കെ.എസ്ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ നടത്തും. 500 ബസുകളാകും ശബരമല സ്പെഷ്യൽ സർവീസിന് ഉപയോഗിക്കുക. 350 ബസുകൾ ഇതിനോടകം തയാറായി. 200 ബസുകൾ ചെയിൻ സർവീസിനും 277 ബസുകൾ ദീർഘദൂര സർവീസിനും ഉപയോഗിക്കും. മകരവിളക്ക് ദിവസം 1000 ബസുകൾ സർവീസ് നടത്തും. തീർഥാടകർക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂർ സംവിധാനങ്ങൾ പ്രവർത്തിക്കും. 15 എമർജൻസി മെഡിക്കൽ സെന്ററുകൾ തുറക്കും. ഇവിടേയ്ക്ക് ആവശ്യമായ മെഡിക്കൽ സംഘത്തെ വിന്യസിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. ഇവരുടെ പരിശീലനവും ഉടൻ ആരംഭിക്കും.

പമ്പയിലേക്കുള്ള മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. 16 റോഡുകളിൽ നിലവിൽ ജോലികൾ പുരോഗമിക്കുന്നുണ്ട്. അഗ്‌നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. സ്‌കൂബ ഡൈവേഴ്സിന്റെ സേവനവും ലഭ്യമാക്കും. ലഹരി പദാർഥങ്ങൾ കർശനമായി തടയുന്നതിന് വനമേഖലയിലും മറ്റിടങ്ങളിലും എക്സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും.

തീർഥാടകർക്കായി ദക്ഷിണ റെയിൽവേ പ്രത്യേക സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ തീർഥാടകർക്കായി പ്രത്യേക ടോയ്ലെറ്റ്, വെയിറ്റിങ് സംവിധാനങ്ങൾ സജ്ജമാക്കും. തീർഥാടകരുടെ ആവശ്യാനുസരണം താത്കാലിക സ്റ്റോപ്പുകൾ അനുവദിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തും. പരിശോധനയ്ക്കായി താത്കാലിക ലാബുകൾ തുറക്കും. എല്ലാ കച്ചവട സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ ഉറപ്പാക്കും. കച്ചവടക്കാർക്കും അന്നദാനം നടത്തുന്ന ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകും.

പത്തനംതിട്ടയിലും സമീപ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്രത്യേക ശുചിമുറികൾ ഒരുക്കും. അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിന് ക്ലീൻ കേരള കമ്പനിയുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ പ്രത്യേക സൗകര്യമൊരുക്കും. പ്രത്യേക വേസ്റ്റ് കളക്ഷൻ ബിന്നുകൾ സ്ഥാപിക്കും. പമ്പയിലും ശബരിമലയിലും ഓരോ മണിക്കൂറിലും 

മാലിന്യ നീക്കത്തിനുള്ള സംവിധാനം സജ്ജമാക്കും. ഇൻഫർമേഷൻ - പബ്ലിക റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മീഡിയ സെന്റർ മണ്ഡല, മകരവിളക്കു കാലത്ത് സന്നിധാനത്തു പ്രവർത്തിക്കും. തീർഥാടകർക്കായി മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അറിപ്പുകളും ബോധവത്കരണവും ലഘു വീഡിയോകൾ തയാറാക്കും.

തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് ആവശ്യമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവർത്തിക്കണം. വിവിധ വകുപ്പുകളുമായുള്ള പ്രവർത്തനങ്ങൾ ദേവസ്യം ബോർഡ് ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും മറ്റ് ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, എംപി, എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

From around the web