ട്രാൻസ്പ്ലാന്റേഷന് പ്രത്യേക വിഭാഗം സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്

 
38

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റേഷനായി പ്രത്യേക വിഭാഗം സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അർപ്പണ മനോഭാവത്തോടെയുള്ള ടീമാണ് ആവശ്യം. കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളെയും കൂടി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായി സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിവർ ട്രാൻസ്പ്ലാന്റ് ടീം അംഗങ്ങളുമായി നടത്തിയ ആശയ വിനിമയത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവർ ധാരാളമുണ്ട്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കുന്നത്. അവയവം മാറ്റിവയ്ക്കൽ രംഗത്തെ ചൂഷണം ഒഴിവാക്കുന്നതിന് കെ സോട്ടോ രൂപീകരിച്ചു. അവയവം മാറ്റിവയ്ക്കൽ പ്രക്രിയ സുതാര്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ടീം അംഗങ്ങൾക്ക് മന്ത്രി എല്ലാ ഭാവുകങ്ങളും നേർന്നു.

ഫെബ്രുവരി 24ന് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റ് ടീം അംഗങ്ങൾക്കുള്ള പരിശീലനം നൽകണമെന്ന് നിർദേശിച്ചിരുന്നു. നാളെ മുതൽ പരിശീലനം ആരംഭിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് ട്രാൻസ്പ്ലാന്റ് ടീം അംഗങ്ങളുമായി മന്ത്രി നേരിട്ട് ആശയ വിനിമയം നടത്തിയത്. ലിവർ ട്രാൻസ്പ്ലാന്റേഷൻ ടീമിൽ ഉൾപ്പെടുന്ന വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻമാർ തുടങ്ങി 50 ഓളം പേർ പങ്കെടുത്തു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ. രാജ്മോഹൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദ്ദീൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സുനിൽ കുമാർ, സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. രമേഷ് രാജൻ, മെഡിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. കൃഷ്ണദാസ്, കെ സോട്ടോ എക്സി. ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ലിനറ്റ്, ഡോ. അനിൽ സത്യദാസ് എന്നിവർ പങ്കെടുത്തു. മെഡിക്കൽ കോളേജിലെ കെ സോട്ടോയുടെ സംസ്ഥാനതല ഓഫീസ് മന്ത്രി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി.

From around the web