മാങ്ങാട്ടിടത്തെ കുട്ടികള്‍ക്ക് ഇനി കൃഷിയാണ് ലഹരി

കണ്ണൂർ: കുട്ടികളെ ലഹരി മരുന്നിന്റെ കെണിയില്‍ നിന്നും അകറ്റി നിര്‍ത്തി കൃഷിയുടെ ലോകത്തേക്ക് ആകര്‍ഷിക്കാന്‍ അമൃതം പദ്ധതിയുമായി മാങ്ങാട്ടിടം. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ് 'വിഷരഹിത പച്ചക്കറി ജീവന്റെ അമൃതം' എന്ന സന്ദേശവുമായി പദ്ധതി ആവിഷ്‌കരിച്ചത്. സ്‌കൂളുകളില്‍ കുട്ടികള്‍ പച്ചക്കറി കൃഷി നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
17 സ്‌കൂളുകളിലാണ് ഇത് നടപ്പാക്കുന്നത്. കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചുള്ള അറിവ് വളര്‍ത്തുക, കാര്‍ഷിക വിളകള്‍, അധ്വാനശീലം, സഹകരണ മനോഭാവം എന്നിവയെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സ്‌കൂളുകള്‍ തമ്മിലുള്ള മത്സരമായാണ് പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുക. ഓരോ സ്‌കൂളിലെയും മികച്ച മൂന്ന് കുട്ടികര്‍ഷകരെ തെരെഞ്ഞെടുത്ത് കൃഷി വകുപ്പ് സമ്മാനം നല്‍കും.
ആവശ്യമായ പച്ചക്കറി വിത്തുകള്‍ കൃഷിഭവനില്‍ നിന്നാണ് നല്‍കുന്നത്. കാര്‍ഷിക മേഖലയില്‍ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഇവ ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് വീടുകളിലും പച്ചക്കറിത്തോട്ടം ഒരുക്കാം. രക്ഷിതാക്കള്‍ക്കും പങ്കാളികളാകാം. ഇത്തരത്തില്‍ മികച്ച രീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്കും സമ്മാനം നല്‍കും. സ്‌കൂളുകള്‍ക്ക് പുറമെ നിര്‍മ്മലഗിരി കോളേജിനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.