ടൗൺ വികസനം: 23 ചെറുപട്ടണങ്ങളുടെ മാസ്റ്റർ പ്ലാൻ അംഗീകരിച്ചു- മുഖ്യമന്ത്രി

 
37
 

കേരളത്തിലെ 23 ചെറുപട്ടണങ്ങളുടെ വികസന മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമടം- മേലൂർ റോഡിലെ ചിറക്കുനി ടൗണിൻ്റെ സൗന്ദര്യവൽക്കരണ പ്രവൃത്തി, ധർമ്മടം റെയിൽവെ സ്റ്റേഷൻ റോഡ് പുനരുദ്ധാരണ പ്രവൃത്തി എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരങ്ങളും ഗ്രാമങ്ങളും നവീകരിക്കുമ്പോൾ ശുചിത്വമാണ് പ്രധാനം. നോർവെ യാത്രക്കിടയിൽ സംസാരിച്ച ഒരു കുട്ടി കേരളത്തിലെ പട്ടണങ്ങളിൽ ചവറിടാൻ ബിന്നുകളില്ലാത്തതിനെ പറ്റി സൂചിപ്പിച്ചു. മിഠായ് കവറിടാൻ ബിൻ കണ്ടില്ല എന്നതായിരുന്നു ആ കുഞ്ഞിൻ്റെ പരാതി. മാലിന്യ സംസ്കരണം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാവണം. ചവറുകൾ വലിച്ചെറിയുന്നത് അവസാനിപ്പിക്കണം.

ചിറക്കുനി ടൗണിൽ ഡസ്റ്റ് ബിന്നുകൾ സ്ഥാപിച്ചുവെന്നറിയുന്നതിൽ സന്തോഷമുണ്ട്. ചെറു ചെടികൾ നട്ടുവളർത്തിക്കൊണ്ട് ചിറക്കുനി ടൗണിൽ വളർത്താനുദ്ദേശിക്കുന്ന ഹരിത കവചം സംരക്ഷിക്കാനുള്ള ചുമതല വ്യാപാരികൾക്കൊപ്പം നാട്ടുകാർക്ക് കൂടിയുണ്ട്. ഭാവിയെക്കൂടി കണ്ട് കൊണ്ടാണ് ചെറു ടൗണുകളുടെ വികസനത്തിന് സർക്കാർ മുൻകൈയെടുക്കുന്നത്. ഇതിൽ നാട്ടുകാരുടെ സഹകരണവും പിന്തുണയും അവശ്യ ഘടകമാണ് -മുഖ്യമന്ത്രി പറഞ്ഞു. ഡോ. വി ശിവദാസൻ എം പി അധ്യക്ഷത വഹിച്ചു.

ചിറക്കുനി ടൗൺ നവീകരണത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയത്. ഓട, ടൈൽസ് പതിച്ച നടപ്പാത, ബസ് ഷെൽട്ടർ, മിനി സ്റ്റേജ്, ആർട് വാൾ, ചിറക്കുനി ധർമ്മടം റെയിൽവെ സ്റ്റേഷൻ റോഡ് ടാറിംഗ് എന്നിവയാണ് ടൗൺ സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി നടത്തിയത്.

From around the web