പച്ചത്തുരുത്ത് വ്യാപന പദ്ധതിക്കു ലോകപരിസ്ഥിതി ദിനത്തിൽ തുടക്കം

 
12
 

പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി പുനസ്ഥാപനവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതി നവകേരളം കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നു. നവകേരളം പച്ചത്തുരുത്തുകൾക്ക് തുടക്കമിട്ടുള്ള പച്ചത്തുരുത്ത് വ്യാപന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനു കണ്ണൂർ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പാലപ്പുഴ അയ്യപ്പൻകാവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.വൈകിട്ടു നാലിന് അയ്യപ്പൻകാവിലെ 136 ഏക്കർ ഭൂമിയിൽ വൃക്ഷത്തൈ നട്ടാണ് ഉദ്ഘാടനം. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമ പദ്ധതി വിശദീകരണം നടത്തും.

പച്ചത്തുരുത്ത് ബ്രോഷർ പ്രകാശനം ടി. ശിവദാസൻ എം.പി. നിർവഹിക്കും. കെ. സുധാകരൻ എം.പി, സണ്ണി ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. മുഴക്കുന്ന് ഗ്രാപഞ്ചായത്തിന് കീഴിലുള്ള 136 ഏക്കർ ഭൂമിയുടെ ഒരു ഭാഗത്താണ് നവകേരളം പച്ചത്തുരുത്ത് ഒരുക്കുന്നത്. ഇതുൾപ്പെടെ ഇവിടെ ജൈവ വൈവിധ്യ ഉദ്യാനമൊരുക്കാനാണു ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം. പൊതുസ്ഥലങ്ങളിലുൾപ്പെടെ  ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ചെറുവന മാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

From around the web