കാലഘട്ടത്തിന് അനുസൃതമായി ഖാദി മേഖലയിൽ മാറ്റം വരുത്തുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കും : മന്ത്രി പി. രാജീവ്

 
38

എറണാകുളം : കാലഘട്ടത്തിന് അനുസൃതമായി ഖാദി മേഖലയിൽ മാറ്റം വരുത്തുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ്. ഇന്ത്യ @ 75 ഖാദി ബോർഡിന്റെ സ്വാതന്ത്യദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഖാദിയുടെ സവിശേഷത നിലനിർത്തി കൊണ്ട് ആധുനികവത്ക്കരിക്കും. മൂല്യവർദ്ധനവും വൈവിധ്യവത്ക്കരണവും ഈ മേഖലക്ക് ആവശ്യമാണ്. ഖാദി കാലഘട്ടത്തിന്റെ ഓർമ്മകളെ പുതിയ തലമുറയിലേക്ക് പകർന്ന് നൽകും. ഖാദി – കൈത്തറി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാദി – കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ പ്രതിമ മന്ത്രി പി രാജീവ് അനാച്ഛാദനം ചെയ്തു. വൈക്കം സത്യാഗ്രഹ സ്മൃതി മണ്ഡപത്തിൽ നിന്നും ഖാദി ബോർഡ് വൈസ് ചെയർ പേഴ്സൺ ശോഭന ജോർജ് ഏറ്റുവാങ്ങിയ ദീപശിഖയിൽ നിന്നും 75 മൺചിരാതുകൾ തെളിയിച്ചു. ഖാദി വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് അദ്ധ്യക്ഷ സോണി കോമത്ത് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ചെക്ക് മന്ത്രി പി. രാജീവിന് കൈമാറി.

കലൂർ ഖാദി ടവറിൽ നടന്ന ചടങ്ങിൽ ടി. ജെ. വിനോദ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മേയർ എം. അനിൽ കുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൗൺസിലർ രജനി മണി, വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ വി ഐ സി അസിസ്റ്റ്ന്റ് ഡയറക്ടർ കന്തസ്വാമി, ഖാദി ബോർഡ് അഡ്മിനിസ്ട്രേറ്റർ ഡയറക്ടർ കെ.കെ. ചാന്ദ്നി, സെക്രട്ടറി കെ എ രതീഷ് , മെമ്പർ ടി.വി. ബേബി തുടങ്ങിയവർ പങ്കെടുത്തു.

From around the web