ആത്മാലയം തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും

തൃശൂര്‍: പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പൊതു ശ്മശാനമായ വടക്കുംപാടത്തെ ആത്മാലയം പൂർണമായും പ്രവർത്തന സജ്ജമായി. ഓഗസ്റ്റ് 23 തിങ്കളാഴ്ച രാവിലെ 9.30ന് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ശ്മശാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 15 കെവിഎയുടെ പുതിയ ജനറേറ്റർ സ്ഥാപിക്കുന്ന പണികളാണ് ഒടുവിൽ നടന്നുകൊണ്ടിരുന്നത്. ആ പണികൾ പൂർത്തിയായി. ജനറേറ്ററിന്റെ പ്രവർത്തന ക്ഷമതാ പരിശോധനയും പൂർത്തീകരിച്ചു. ഇതോടെ ഗ്യാസ് ക്രിമറ്റോറിയം ഉപയോഗക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ പറഞ്ഞു.
സ്വന്തമായി ശ്മശാനമില്ലാത്ത സമുദായങ്ങളെ സംബന്ധിച്ചിടത്തോളം പാണഞ്ചേരി പഞ്ചായത്തിൽ ഒരു പൊതു ശ്മശാനമില്ലാത്തത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. മൃതദേഹ സംസ്‌കാരത്തിനായി മറ്റു സ്ഥലങ്ങളിലെ ശ്മശാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. സാധാരണക്കാർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു. വൈകിയാണെങ്കിലും അപാകതകൾ പരിഹരിച്ച് പൊതുശ്മശാനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നത് ജനങ്ങൾക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷ.