നിയമസഭയിലെ പ്രതിഷേധങ്ങളെ ക്രിമിനൽ കേസായി ചുരുക്കാനുള്ള ശ്രമം അപകടമുണ്ടാക്കും -എം.ബി. രാജേഷ്

തിരുവനന്തപുരം: നിയമനിർമാണസഭയിലെ അക്രമസംഭവങ്ങളിൽ നിലപാട് വ്യക്തമാക്കി സ്പീക്കർ എം.ബി. രാജേഷ്. നിയമസഭകളിൽ നടക്കുന്ന പ്രതിഷേധങ്ങളെ ക്രിമിനൽ കേസായി ചുരുക്കി വ്യാഖ്യാനിക്കാനുള്ള ശ്രമം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് എം.ബി. രാജേഷ് പറഞ്ഞു.
ജനാധിപത്യം ദുർബലമാക്കാനും ജനപ്രതിനിധികളെ കോടതി കയറ്റാനും ഇതുപയോഗിക്കപ്പെടാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ കേരള നിയമസഭയിലേതുപോലുള്ള സംഘർഷ സംഭവങ്ങൾ ആവർത്തിക്കരുത്. ഇത്തരം പ്രതിഷേധങ്ങളെ അതത് സാഹചര്യങ്ങളിൽ മാത്രമായി ചുരുക്കി വിലയിരുത്തുന്നത് ഉചിതമാകില്ലെന്നും സ്പീക്കർ പറഞ്ഞു. സഭയിലെ 'സർ' വിളി കേൾക്കുന്നവർക്ക് അരോചകമാണ്. എന്നാൽ, റൂളിങ് കൊണ്ട് പരിഹരിക്കാൻ സാധിക്കുന്ന കാര്യമല്ല ഇത്. വർഷങ്ങളായി വിളിച്ച് ശീലിച്ചതാണ്. 'സർ' വിളി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണം. പാർലമെന്‍റിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നവർ മാത്രമാണ് 'സർ' എന്ന് അഭിസംബോധന ചെയ്യാറുള്ളു. ഹിന്ദി സംസാരിക്കുന്നവർ 'അധ്യക്ഷ മഹാദേ' എന്നാണ് വിളിക്കാറ്. അങ്ങനെ വിളിക്കേണ്ട കാര്യമുള്ളൂവെന്നും എം.ബി. രാജേഷ് ചാനൽ അഭിമുഖത്തിൽ പറഞ്ഞു.