കേരള ബാങ്കിനെ ഒന്നാമതെത്തിക്കാൻ ‘ബി ദി നമ്പർ വൺ’ പദ്ധതി

 
39

കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ശാഖകൾ, ഏരിയാ മാനേജർമാർ, സി.പി.സി, ആർ.ഒ, എച്ച്.ഒ.യിലെ മുഴുവൻ ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെ ‘ബി ദ നമ്പർ വൺ’ ക്യാമ്പയിൻ ആരംഭിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശാഖ, സി.പി.സി, ആർ.ഒ എന്നിവയ്ക്ക് സംസ്ഥാനതലത്തിൽ ‘ബി ദ നമ്പർ വൺ’ മിനിസ്റ്റേഴ്‌സ് ട്രോഫി നൽകും.

സംസ്ഥാനതലത്തിൽ മികച്ച ജില്ലയ്ക്ക് മൂന്നു ലക്ഷവും സംസ്ഥാനതലത്തിൽ മികച്ച ശാഖക്ക് രണ്ട് ലക്ഷവും ജില്ലാതലത്തിൽ മികച്ച ശാഖക്ക് 50,000 രൂപയും ക്യാഷ് അവാർഡും നൽകും. നിഷ്‌ക്രിയ ആസ്തിയിലുള്ള കുറവ്, ബിസിനസ്സ് വളർച്ച (നിക്ഷേപം + വായ്പ), നിക്ഷേപത്തിലുള്ള വർദ്ധന, CASA നിക്ഷേപത്തിലുള്ള വർദ്ധന, CASA നിക്ഷേപത്തിന്റെ എണ്ണത്തിലുള്ള വർദ്ധന, വായ്പാ വർദ്ധന, ഗോൽഡ് ലോണിലുള്ള വർദ്ധന, ബാങ്കിന്റെ ഇമേജ് പൊതുജനങ്ങളിൽ വർദ്ധിപ്പിക്കുന്ന എന്തെങ്കിലും ഇടപെടലുകൾ/ വികസന പ്രവർത്തനങ്ങൾ (ജില്ലാ തലത്തിൽ) എന്നിവയാണ് അവാർഡിന് പരിഗണിക്കുക.

29ന് ആരംഭിക്കുന്ന ക്യാമ്പയിൻ 2022 മാർച്ച് 31 വരെ തുടരും. 01-12-2021 മുതൽ 31-03-2022 വരെ കൈവരിക്കുന്ന നേട്ടമാണ് വിജയികളെ കണ്ടെത്താൻ പരിഗണിക്കുകയെന്ന് മന്ത്രി അറിയിച്ചു.

ജീവനക്കാരിൽ ഉത്സാഹം സൃഷ്ടിച്ച് സേവനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കുക, ബാങ്കിന്റെ ഭരണതലത്തിലും ദൈനംദിന പ്രവർത്തനങ്ങളിലും പ്രൊഫഷണലിസം കൊണ്ടു വരുക, ബാങ്കിന്റെ ജനകീയതയും സഹകരണ തൻമയത്വവും ഉയർത്തിപ്പിടിക്കുക, ബാങ്കിന്റെ ബിസിനസ്സ് വർദ്ധിപ്പിക്കുക, പൊതുജനങ്ങളിൽ കേരള ബാങ്കിനെ സംബന്ധിച്ചുള്ള മതിപ്പ് വർദ്ധിപ്പിക്കുക, കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കായി ഉയർത്തുക, ജീവനക്കാരുടെ ബൃഹത്തായ ഐക്യനിര കെട്ടിപ്പടുക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, സി.ഇ.ഒ പി.എസ്. രാജൻ, സി.ജി.എം കെ.സി. സഹദേവൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

From around the web