കുട്ടിയുടെ ആമാശയത്തിൽ നാണയം; ചികിത്സ നൽകിയ ശേഷമാണ് തിരിച്ചയച്ചതെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് 

 

ആലപ്പുഴ: ആലുവ, കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ എക്‌സറേ ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങളിൽ നാണയം ആമാശയത്തിൽ തന്നെയാണുള്ളത്. ആമാശയത്തിലേക്ക് നാണയമെത്തിയതിനാൽ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ നൽകിയ ശേഷമാണ് തിരിച്ചയച്ചതെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞിരുന്നു. 

കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നു. ഇത്തരം കേസുകളിൽ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ നാണയം പുറത്തേക്ക് വരേണ്ടതാണ്. ശ്വാസ തടസം പോലുള്ള പ്രശ്‌നങ്ങളും കുട്ടിക്കുണ്ടായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 

തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് ആശുപത്രി അധികൃതർ ആവർത്തിക്കുന്നത്. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ സാധ്യമല്ലായിരുന്നുവെന്നുമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് നൽകുന്ന വിശദീകരണം. 

ഇത് സംബന്ധിച്ച് ശിശുരോഗ വിഭാഗത്തോട് ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് സർക്കാരിന് സമർപ്പിക്കും.

From around the web