അതിർത്തി ചെക്ക് പോസ്റ്റുകളിലെ വാഹന പരിശോധനകളിൽ വീഴ്ച 

 

മുത്തങ്ങ: അതിർത്തി ചെക്ക് പോസ്റ്റുകളിലെ കൊറോണ വൈറസ് മുൻകരുതലിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയിൽ വൻ വീഴ്ച.മുത്തങ്ങ മൂലഹള്ള ചെക്ക് പോസ്റ്റ് വഴി പാസില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേർ കേരളത്തിലേക്ക് കടക്കുകയാണ് ചെയുന്നത്. ചരക്ക് ലോറികളിലൂടെയാണ് ആളുകൾ എത്തുന്നത്.

സംസ്ഥാന സർക്കാരിന്‍റെ ജാഗ്രത പോർട്ടലിൽ രജിസ്ട്രർ ചെയ്ത് പാസ് കിട്ടിയവർക്ക് മാത്രമേ അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുവാൻ അനുമതി നൽകിയിട്ടുള്ളൂ. ഇക്കാര്യം പരിശോധിക്കാൻ റവന്യൂ, പൊലീസ് സംഘം അതിർത്തി ചെക്ക് പോസ്റ്റിലുണ്ട്. എന്നാൽ കാര്യങ്ങള്‍ കൃത്യമായി നടക്കുന്നില്ല എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. 

കൊൽക്കത്തയിൽ നിന്നെത്തിയ മൂന്നംഗ സംഘത്തിന് പാസ്സോ മറ്റ് രേഖകളോ ഒന്നുമില്ല. ട്രെയിൻ മാർഗ്ഗം ബംഗലൂരുവും തുടർന്ന് ബസ്സിൽ മൈസൂരിലും എത്തുകയാണ് ഉണ്ടായത്. അവിടെ നിന്ന് ലോറിയിൽ പണം നൽകി കേരളത്തിലേക്ക് എത്തുകയാണ് ചെയ്തത്. പ്രധാന പരിശോധനാ കേന്ദ്രവും കടന്ന് എത്തിയ ഇവർ പിടിയിലായത് എക്സൈസിന്‍റെ വാഹന പരിശോധനയിലാണ്.

കഴിഞ്ഞ ദിവസം മാത്രം അഞ്ച് പേർ ഇങ്ങിനെ കേരളത്തിൽ എത്തുകയുണ്ടായി. രണ്ട് പേർക്ക് തിരിച്ചറിയൽ രേഖകൾ പോലുമുണ്ടായിരുന്നില്ല. പിടിയിലായവരെ എക്സൈസ് പൊലീസിന് കൈമാറിയിരിക്കുകയാണ്. ചരക്ക് വാഹനങ്ങളിൽ പൊലീസ് പരിശോധന കുറവാണെന്നത് മുതലെടുത്താണ് കൂടുതൽ പേരും ഇവിടേക്ക് എത്തുന്നത്.

വയനാട്ടിൽ നേരത്തെ കൊറോണ വൈറസ് പൊസിറ്റീവ് ആയ ഒരു വ്യക്തി ലോറിയിലെ സഹായി എന്ന രീതിയിലായിരുന്നു ജില്ലയിലെത്തിയത്. അതുകൊണ്ട് തന്നെ പരിശോധനയിലെ വീഴ്ച ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നത് ഉറപ്പാണ്.

From around the web