സംസ്ഥാനത്ത് സിമന്റ് ഉത്പാദനം വർദ്ധിപ്പിക്കുക സർക്കാർ ലക്ഷ്യം : മന്ത്രി പി. രാജീവ്

 
47

സംസ്ഥാനത്ത് രണ്ട് വർഷത്തിനകം സിമന്റ് ഉത്പാദനം വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ അവലോകന യോഗത്തിന് ശേഷം വാളയാർ മലബാർ സിമന്റ്സിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഉത്പാദന അളവ് കൂട്ടും. നിലവിൽ ആറ് ലക്ഷം ടൺ സിമൻറാണ് ഒരു മാസം ഉത്പാദിപ്പിക്കുന്നത്. പ്രൊഫഷണൽ മാർക്കറ്റിംഗ് അടിസ്ഥാനമാക്കിയുള്ള ഉത്പാദന പ്ലാൻ രൂപീകരിച്ച് രണ്ട് വർഷത്തിനകം പരമാവധി 12 ലക്ഷം ടൺ സിമന്റ് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ ജില്ലകളിലെയും സവിശേഷതകൾ പരിഗണിച്ച് തൊട്ടടുത്തുള്ള ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് യാത്ര ചെലവ് കുറച്ച് വിൽപന സാധ്യമാക്കും.

കൊച്ചി പോർട്ട് ട്രസ്റ്റിൽ ബ്ലെൻഡിങ് യൂണിറ്റ്, കണ്ണൂർ മട്ടന്നൂർ കിൻഫ്രയിൽ ഗ്രൈൻഡിങ് യൂണിറ്റ് എന്നിവ ആരംഭിക്കും. കൊച്ചിയിൽ 12 മാസങ്ങൾക്കുള്ളിലും മട്ടന്നൂരിൽ 24 മാസങ്ങൾക്കുള്ളിലും പദ്ധതി പൂർത്തിയാക്കും. രണ്ട് യൂണിറ്റുകളുടെയും പ്രവർത്തനം പുരോഗമിക്കുന്നതോടെ സംസ്ഥാനത്ത് സിമന്റ് ഉത്പാദനം വർദ്ധിപ്പിക്കും. ഘട്ടം ഘട്ടമായി ഗ്രൈൻഡിങ് യൂണിറ്റുകളുടെ എണ്ണം വർധിപ്പിക്കും. സർക്കാറിൽ നിന്നും ഭരണാനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ നടപടികൾ ആരംഭിച്ച് രണ്ട് വർഷത്തിനകം പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

41 പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാറിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പദ്ധതികളുടെ ഹ്രസ്വക്കാല- ഇടക്കാല – ദീർഘകാല ലക്ഷ്യങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. പദ്ധതി നടത്തിപ്പിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പ്രത്യേക മാനേജ്മെന്റ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവരെ ഏഴ് സെക്ടറായി തിരിച്ച്, ഓരോ സെക്ടറിലായി മാർക്കറ്റിങ് , ഫിനാൻസ് വിദഗ്ധർ ഉൾപ്പെടുന്ന സംവിധാനമാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ഏഴ് ടീമുകളെ ഏകോപിപ്പിക്കാൻ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് ഡയറക്ടർ കെ.കെ റോയി കുര്യനെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു.

പാലക്കാട് ജില്ലയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്തും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗം ഓൺലൈനായി നടത്തിയതായും മന്ത്രി അറിയിച്ചു. മലബാർ സിമന്റ്സിൽ മാനേജ്മെന്റ് കേഡർ തസ്തികകളിലെ ഒഴിവ് റിക്രൂട്ട്മെന്റ് മുഖേന നികത്തും. സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ പിന്തുണ നൽകും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മലബാർ സിമന്റ് മാനേജിങ് ഡയറക്ടർ എം. മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.

From around the web