കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കുക സര്‍ക്കാര്‍ ലക്ഷ്യം -മന്ത്രി പി. പ്രസാദ്

കോഴിക്കോട്: കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്ന വരുമാനം 50 ശതമാനം വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ബാലുശ്ശേരി ബ്ലോക്ക്തല കാര്‍ഷിക വര്‍ക്ക് ഷോപ്(അഗ്രിപാര്‍ക്ക്) പ്രവൃത്തി പരിശീലന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയില്‍ ജനകീയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ആവശ്യമായ പച്ചക്കറിയുടെ ഭൂരിഭാഗവും കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന നിലയിലേക്ക് മലയാളികള്‍ മാറുകയാണ്. വിഷമില്ലാത്ത ഭക്ഷണം കഴിക്കില്ലെന്ന് മലയാളികള്‍ ഉറപ്പിച്ചാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്ന കര്‍ഷകനായ മണ്ണാന്റെ പിണങ്ങോട്ട് ചെക്കോട്ടിയെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനും വിവിധ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായാണ് കാര്‍ഷിക വര്‍ക്ക്ഷോപ്പ് എന്ന നൂതന പദ്ധതിക്ക് ബ്ലോക്കില്‍ തുടക്കം കുറിക്കുന്നത്. വിവിധ കാര്‍ഷിക സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍, കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പിന്റെ എഞ്ചിനീയറിങ് വിഭാഗം, കൃഷി വിജ്ഞാന്‍ കേന്ദ്രം, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കാര്‍ഷിക കര്‍മസേന അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. പരിശീലനം ലഭിച്ച ഗ്രൂപ്പിനെ ഉപയോഗിച്ച് കൊണ്ടായിരിക്കും വര്‍ക്‌ഷോപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനിത പാലാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം ശശി, സ്ഥിരംസമിതി അംഗങ്ങളായ എം. കെ.വനജ, റംല മാടംവള്ളിക്കുന്നത്ത്, ആലങ്കോട് സുരേഷ് ബാബു, ബ്ലോക്ക് ഡിവിഷന്‍ അംഗം ഡി.ബി.സബിത, ബ്ലോക്ക് അംഗം എം.കെ. ജലീല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷെര്‍ലി എ.എഫ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഷീബ കെ.എസ്, കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ സി.ഇ.ഒ യു.ജയകുമാരന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.