സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനുള്ളിൽ വീട് ഉറപ്പുവരുത്തും: മുഖ്യമന്ത്രി

കേരളത്തിലെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനുള്ളിൽ വീട് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന അയ്യൻകാളി ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി നല്ല രീതിയിൽ മുന്നോട്ടു പോവുകയാണ്.
സർക്കാർ ജോലിയിൽ പട്ടികജാതി വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ സമയബന്ധിതമായ നടപടി സ്വീകരിക്കും. ഓൺലൈൻ വിദ്യാഭ്യാസവും എല്ലാവർക്കും ഉറപ്പാക്കും. ആദിവാസി ഊരുകളിൽ ഉൾപ്പെടെ ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ചിലയിടങ്ങളിൽ കണക്റ്റിവിറ്റി പ്രശ്‌നങ്ങളുണ്ട്. എല്ലായിടത്തും കണക്റ്റിവിറ്റി ലഭ്യമാക്കുമെന്ന് സർവീസ് പ്രൊവൈഡർമാർ സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ നീങ്ങുന്നു. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.