കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും സെപ്റ്റംബർ 26 ന്

 
45

എറണാകുളം : ലോക വിനോദസഞ്ചാര ദിനാഘോഷത്തിന് മുന്നോടിയായി കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും സെപ്റ്റംബർ 26 ന് . ഡിടിപിസി അർബോറെറ്റം റിവർ പെരിയാറിൽ രാവിലെ 7മുതൽ 11 വരെയാണ് പരിപാടി.

എറണാകുളം ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ആലുവയിലെ പെരിയാർ നദിയുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് നദീസംരക്ഷണ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തെ അടുത്ത അഡ്വഞ്ചർ ഇക്കോടൂറിസം കേന്ദ്രമായി ആലുവ പദ്ധതിയെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കയാക്കുകൾ, സ്റ്റാൻഡ് അപ്പ്‌ പാടിലുകൾ, വഞ്ചികൾ എന്നിവ പരിപാടിയിൽ അണിനിരക്കും.

പ്രകൃതിക്ക് യാതൊരുവിധ ദോഷവുമില്ലാത്ത ടൂറിസം പ്രവർത്തനങ്ങളിൽ ഒന്നാണ് കയാക്കിങ്. വിദേശ രാജ്യങ്ങളിൽ കയാക്കിങ് പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നാണ്. യാതൊരു വിധ മലിനീകരണവുമില്ലാതെ സുരക്ഷിതമായി ജലാശയങ്ങളെ ആസ്വദിക്കാനാക്കും എന്നതാണ് കയാക്കിങ്ങിന്റെ പ്രത്യേകത.

പെരിയാറിൽ ദിനംപ്രതി മാലിന്യം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കഴിയുന്നത്രയും മാലിന്യങ്ങൾ പുഴയിൽ നിന്നും ശേഖരിച്ച് സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കയാക്കിങ് നടത്തുന്നത്.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച്, വിനോദസഞ്ചാരം – എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വളർച്ചയ്ക്കായി ഐക്യത്തോടെ നമുക്കൊരുമിച്ച് വളരാം എന്ന വിഷയത്തെ ആസ്പദമാക്കി, എറണാകുളം ഡിടിപിസിയും പെരിയാർ അഡ്വഞ്ചേഴ്സും കേരളത്തിലെ മുതിർന്ന സാഹസിക ടൂർ ഓപ്പറേറ്റർമാരിലൊരാളായ സാന്റോസ് കിംഗും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും/ സൗജന്യ രജിസ്ട്രേഷനുമായി 8089084080 എന്ന നമ്പറിൽ ബന്ധപ്പെടുക.

From around the web