തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ്

 

തിരുവനന്തപുരം: ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര വടകോട് സ്വദേശി ക്ലീറ്റസിനാണ് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 71 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ക്ലീറ്റസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയയിരുന്നു. ഇന്നലെ പുലർച്ചെയാണ് ക്ലീറ്റസ് മരിച്ചത്. തൈക്കാട് കവാടത്തിൽ മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിച്ചു.

കോഴിക്കോട് പനി ബാധിച്ച് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വടകര ചോമ്പാല സ്വദേശി പുരുഷോത്തമനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയിലാണ് മരണം. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യക്ക് ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവാകുകയായിരുന്നു. ഇടുക്കി നെടുങ്കണ്ടത്ത് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യയാണ് (58) മരിച്ചത്. എറണാകുളത്ത് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി മരിച്ചു. സികെ ഗോപിയാണ് മരിച്ചത്. 70 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. കാസർഗോഡ് ജില്ലയിൽ ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ടി ഹസൈനാർ ഹാജി (78), ഷെഹർബാനു (73) എന്നിവരാണ് മരിച്ചത്.

കണ്ണൂരിൽ ചക്കരക്കല്ല് തലമുണ്ട സ്വദേശി സജിത് കൊവിഡ് ബാധിച്ചു മരിച്ചു. 40 വയസായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സജിത്. ഇന്ന് രാവിലെ 9.45 നായിരുന്നു മരണം. കഴിഞ്ഞ മാസം 15ന് ആയിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സജിത് പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആദ്യ രണ്ട് കൊവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവായിരുന്നു. വീണ്ടും സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പരിചരിക്കാൻ വേണ്ടി നിന്ന അടുത്ത ബന്ധുവിന്റെ ആദ്യ ഫലം പോസിറ്റീവ് ആയിരുന്നു.

From around the web