കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി

 
39

കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ഐ.സി.എം.ആര്‍ അംഗീകരിച്ച മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ. സക്കീന അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രി അല്ലെങ്കില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലൂടെ ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭ്യമാണോ എന്ന് http://covid19.kerala.gov.in/deathinfo എന്ന വെബ്സൈറ്റില്‍ പരിശോധിക്കാനാകും. സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കില്‍ ഇതേ വെബ്സൈറ്റില്‍ തന്നെ ‘അപ്പീല്‍ റിക്വസ്റ്റ്’ എന്നതിലൂടെ അപ്പീല്‍ സമര്‍പ്പിക്കാനും അവസരമുണ്ടാകും. മരണമടഞ്ഞ വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളില്‍ ഒരാളായിരിക്കണം അപ്പീല്‍ സമര്‍പ്പിക്കേണ്ടത്.

ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയായശേഷം മരണമടഞ്ഞ വ്യക്തിയെ സംബന്ധിച്ച് താഴെ പറയുന്ന വിവരങ്ങള്‍ ക്രമ പ്രകാരം നല്‍കണം.

നല്‍കേണ്ട വിവരങ്ങള്‍:

1. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച മരണസര്‍ട്ടിഫിക്കറ്റിന്റെ നമ്പര്‍
2. മരണ സര്‍ട്ടിഫിക്കറ്റിലേത് പോലെ പേര്, വയസ്സ്, ലിംഗം
3. പിതാവിന്റെയോ മാതാവിന്റെയോ ഭര്‍ത്താവിന്റെയോ പേര്
4. ആശുപത്രിയില്‍ നല്‍കിയ ഫോണ്‍ നമ്പര്‍
5. സ്ഥിരമായ മേല്‍ വിലാസം, ജില്ല
6. തദ്ദേശസ്വയംഭരണ സ്ഥാപനം, മരണപ്പെട്ട തീയതി, മരണപ്പെട്ട സ്ഥലം, മരണം നടന്ന ജില്ല
7. മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്
8. മരണം സ്ഥിരീകരിച്ച ആശുപത്രിയുടെ പേര്
9.മരണ സര്‍ട്ടിഫിക്കറ്റ്, മറ്റ് ആശുപത്രി രേഖകള്‍ എന്നിവ സ്‌കാന്‍ ചെയ്തത്
10. അപ്പീല്‍ സമര്‍പ്പിക്കുന്ന വ്യക്തിയെ സംബന്ധിച്ച വിവരങ്ങള്‍

തുടര്‍ന്ന് അപ്പീല്‍ വിജയകരമായി സമര്‍പ്പിച്ചു എന്നത് സംബന്ധിച്ച് സന്ദേശം ലഭിക്കും. അപേക്ഷകന്റെ ഫോണിലേക്ക് ഒരു അപേക്ഷ നമ്പറും ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് അപ്പീല്‍ അപേക്ഷയുടെ പുരോഗതി അറിയാനും കഴിയും. സമര്‍പ്പിച്ച അപേക്ഷയിലെ രേഖകളിലെ കൂട്ടിച്ചേര്‍ക്കലിനായി ആദ്യം മരണം നടന്ന ആശുപത്രിയിലേക്ക് അയക്കും. തുടര്‍ന്ന് ജില്ലാതല കോവിഡ് മരണ പരിശോധനാ സമിതി ഈ അപ്പീല്‍ അപേക്ഷയില്‍ തീരുമാനമെടുക്കും. ഇതുസംബന്ധിച്ച വിവരം അപേക്ഷകന്റെ ഫോണിലേക്ക് സന്ദേശമായി നല്‍കുകയും ചെയ്യും. തുടര്‍ന്ന് പുതിയ മരണ സര്‍ട്ടിഫിക്കറ്റ്, അപ്പീല്‍ നല്‍കിയ വ്യക്തിക്ക് ആരോഗ്യ സ്ഥാപനത്തില്‍ നിന്ന് കൈപ്പറ്റാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

From around the web