സാക്ഷരതാപരീക്ഷ -‘മികവുത്സവം’ 7 മുതൽ

 
36

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ-‘മികവുത്സവം’ ഈ മാസം 7 മുതൽ 14 വരെ നടക്കും. സംസ്ഥാനത്താകെ 25,357 പേർ പരീക്ഷയെഴുതും. ഏറ്റവും മുതിർന്ന പഠിതാക്കളാണ് സാക്ഷരതാ പരീക്ഷയെഴുതുക എന്നതിനാൽ പഠിതാക്കളുടെ സൗകര്യം പരിഗണിച്ചും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുമാണ് മികവുത്സവം നടത്തുക.

പഠിതാക്കളുടെ സൗകര്യത്തിനനുസരിച്ച് നവംബർ 7 മുതൽ 14 വരെയുള്ള ഏതെങ്കിലും ഒരു ദിവസം പരീക്ഷയെഴുതാൻ അവസരമുണ്ട്. മൂന്ന് മണിക്കൂർ ആണ് പരീക്ഷാ സമയം. 1,331 പഠന കേന്ദ്രങ്ങൾ തന്നെ പരീക്ഷ കേന്ദ്രങ്ങളായി സജ്ജീകരിച്ചാണ് മികവുത്സവം നടത്തുന്നത്. പരീക്ഷയെഴുതുന്നവരിൽ 20,051 പേർ സ്ത്രീകളും 5,306 പേർ പുരുഷൻമാരുമാണ്. പട്ടികജാതി വിഭാഗത്തിലെ 7,802 പേരും പട്ടികവർഗ വിഭാഗത്തിലെ 1,467 പേരും മികവുത്സവത്തിൽ പങ്കെടുക്കും.

62 ഭിന്നശേഷി പഠിതാക്കളും പരീക്ഷയെഴുതുന്നവരിൽ ഉൾപ്പെടും. മലപ്പുറം മൊറയൂരിലെ 90 വയസുകാരി സുബൈദയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവ്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുക. 2,796 സ്ത്രീകളും 956 പുരുഷൻമാരുമടക്കം 3,752 പേർ മികവുത്സവത്തിന്റെ ഭാഗമായി പരീക്ഷയെഴുതും.

From around the web