കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാൻ കൂട്ടായ പരിശ്രമം വേണം - മന്ത്രി മുഹമ്മദ് റിയാസ്

കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാൻ കൂട്ടായി പരിശ്രമിക്കുകയും മുൻകരുതലെടുക്കുകയും ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുമായി ചർച്ച ചെയ്യുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ മികച്ച രീതിയിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ജില്ലയിൽ താരതമ്യേന കുറവാണ്. എങ്കിലും മൂന്നാം തരംഗത്തിൽ ശക്തമായ വ്യാപനത്തിന് സാധ്യത കൂടുതലാണ്. ഒന്ന്, രണ്ട് തരംഗ സമയത്ത് പ്രവർത്തിച്ച മാതൃകയിൽ കൂട്ടായ പ്രവർത്തനം തുടരണം. സംസ്ഥാന സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ താഴെ തട്ടിലെത്തിക്കാൻ തദ്ദേശ സ്ഥാപന അധികൃതർ ശ്രദ്ധിക്കണം. ജില്ലയിലെ നിപ പ്രതിരോധം സംസ്ഥാന തലത്തിൽ ത്തന്നെ ശ്രദ്ധ നേടിയിരുന്നു. ഈ രീതിയിലുള്ള കൂട്ടായ പ്രവർത്തനം മൂന്നാം തരംഗ സമയത്തും വേണം. രോഗവ്യാപന നിരക്കും മരണ നിരക്കും ജില്ലയിൽ താരതമ്യേന കുറവാണ്. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് കോവിഡ് ബെഡ്ഡുകൾ ലഭ്യമാണ്. ഇവയുടെ ലഭ്യത കോവിഡ് ജാഗ്രത പോർട്ടലിൽ ദിനംപ്രതി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. കോവിഷീൽഡ്, കോവാക്സിൻ എന്നിവ ജില്ലയിൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്. മൂന്നാം തരംഗത്തിൽ രോഗ വ്യാപനം കൂടുതലാണെങ്കിലും തീവ്രത കുറവായതിനാൽ കോവിഡ് ബാധിതർ ഹോം ഐസൊലേഷൻ തിരഞ്ഞെടുക്കുന്ന പ്രവണത സംസ്ഥാന വ്യാപകമായി കണ്ടു വരുന്നതായി മന്ത്രി വ്യക്തമാക്കി.
ഹോം ഐസൊലേഷനിൽ കഴിയുന്നവരിൽ ദുർബല വിഭാഗങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. മൈക്ക് അനൗൺസ്മെൻ്റ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. രണ്ടാം ഡോസ് വാക്സിനേഷൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിനേഷൻ പൂർത്തിയാക്കണം. 60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരും വാക്സിനേഷൻ പൂർത്തിയാക്കിയെന്ന് ഉറപ്പു വരുത്തണം. ആംബുലൻസ് സൗകര്യം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ നടത്തണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ സർക്കാർ നിർദ്ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ തുടങ്ങുമ്പോൾ സമീപ പ്രദേശങ്ങളിലുള്ളവർക്കൂടി പ്രയോജനം നൽകാനാവുന്ന വിധത്തിൽ ഇവ സജ്ജമാക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു.
കോവിഡ് പ്രതിരോധത്തിനുള്ള റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) അംഗങ്ങളെ ആവശ്യത്തിന് ആനുപാതികമായി ലഭ്യമാക്കണമെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ ആവശ്യപ്പെട്ടു. ഒന്ന്, രണ്ട് തരംഗ സമയങ്ങളിലേതുപോലെ കൺട്രോൾ റൂം സംവിധാനം ഒരുക്കണം. ഹോം ഐസൊലേഷനിൽ കഴിയുന്നവരുടെ സ്ഥിതി വിവരം അറിയുന്നതിന് പാലിയേറ്റീവ് കെയർ ടീമിൻ്റെ സേവനം ലഭ്യമാക്കാം. ആവശ്യമെങ്കിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തുടങ്ങും. വീട്ടിൽ ചികിത്സയിലള്ളവരെ രോഗ തീവ്രതയനുസരിച്ച് കാറ്റഗറി തിരിച്ച് ആശുപത്രിയിലാക്കണമെങ്കിൽ ആരോഗ്യ പ്രവർത്തകർ വഴിയേ സാധ്യമാകൂ. അതിനാൽ അങ്കണവാടി, ആശാ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തി ആർആർടി സംവിധാനം ശക്തിപ്പെടുത്തണം. രോഗവ്യാപന ശേഷി കൂടിയ ഒമിക്രോണിന് തീവ്രത കുറവായതിനാൽ രോഗലക്ഷണം കുറഞ്ഞവർ വീടുകളിൽത്തന്നെ കഴിയുകയാണ്. എന്നാൽ 65 വയസ്സിനു മുകളിലുള്ളവരും മറ്റു അസുഖ ബാധിതരും പരിശോധന ഉറപ്പു വരുത്തണം. രോഗലക്ഷണങ്ങളുള്ളവർ ക്വാറൻ്റൈൻ ഉറപ്പാക്കണം. ആരോഗ്യ പ്രവർത്തകർ കോവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തിൽ സ്പഷ്യലൈസ്ഡ് ഒ.പി.കൾ നിർത്തലാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണ്. ജീവനക്കാരുടെ ദൗർലഭ്യം പരിഹരിക്കാൻ 307 നിയമനങ്ങൾ ഉറപ്പായതോടെ ജില്ലയിലെ താലൂക്ക് ആശുപത്രികൾ ഉൾപ്പടെയുള്ള പ്രധാന ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് പരിശോധന നടത്തുന്നതിൽ ആയുർവ്വേദ, ഹോമിയോ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.