2025 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക ലക്ഷ്യം: ആരോഗ്യമന്ത്രി 

 
59

2025 വർഷത്തോടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകും.

ഈയൊരു ലക്ഷ്യം മുൻനിർത്തിയുള്ള നടപടികൾ സംസ്ഥാനത്ത് ലോക എയ്ഡ്‌സ് ദിനത്തിൽ തുടക്കം കുറിക്കുകയാണ്.  എച്ച്.ഐ.വി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്.ഐ.വി. അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവർക്ക് മതിയായ ചികിത്സയും പരിചരണവും നൽകുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ലോക എയ്ഡ്‌സ് ദിനത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പും എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എയ്ഡ്‌സിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം.

വർണ, വർഗ, ലിംഗ അസമത്വങ്ങൾ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എയ്ഡ്‌സിനെയും കോവിഡ് പോലെയുള്ള മഹാമാരികളെയും ഇല്ലാതാക്കാൻ സാധിക്കുകയുള്ളു എന്ന് ഈ സന്ദേശം ഓർമ്മപ്പെടുത്തുന്നു. കോവിഡ് മഹാമാരി വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ സമഗ്രമായ പ്രവർത്തനങ്ങളിലൂടെ മാത്രമേ പുതിയ എച്ച്.ഐ.വി അണുബാധ കേരളത്തിൽ ഇല്ലാതാക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കഴിയൂ.

ഒക്‌ടോബർ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എച്ച്.ഐ.വി അണുബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് മുതിർന്നവരിലെ എച്ച്.ഐ.വി അണുവ്യാപന തോത് 0.08 ശതമാനമാണെങ്കിൽ ദേശീയതലത്തിൽ ഇത് 0.22 ശതമാനമാണ്.  മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എച്ച്.ഐ.വി അണുവ്യാപനത്തോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്.  അതിനായി ചിട്ടയായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ലോക എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിക്കും. തിരുവനന്തപുരത്ത് ഡബിൾ ഡെക്കർ ക്യാമ്പയിൻ, റോഡ് ഷോ, എക്‌സിബിഷൻ എന്നിവയും ഉണ്ടായിരിക്കും.

From around the web