ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഹാരം കഴിക്കാനെത്തുന്നവരും ഹോട്ടല്‍ തൊഴിലാളികളും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. 18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നിബന്ധന ബാധകമല്ല. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ. എ.സി സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.
ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി, രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്ക് അനുവദിക്കും. വാക്‌സിനേഷന്‍ നിബന്ധന 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തനം.
സ്‌കൂളുകളും കോളേജുകളും ഏതാനും ആഴ്ചകള്‍ക്കുളളില്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.