അഷ്ടമുടിക്കായലിനായി കൈകോര്‍ക്കാന്‍ പ്രമുഖരും-മേയര്‍

അഷ്ടമുടി കായലിനെ വീണ്ടെടുക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ജനകീയ പദ്ധതിയുടെ ഭാഗമാകാന്‍ പ്രമുഖരെത്തുന്നു. സുസ്ഥിര ജല വിനിയോഗത്തിന്റെ സന്ദേശവാഹകന്‍-മഴമനുഷ്യന്‍ എന്നിങ്ങനെ പേരുകേട്ട വിശ്വനാഥ ശ്രീകണ്ഠയ്യയും നഗരാസൂത്രണ വിദഗ്ധന്‍ ബെയിലി ഇ. മേനോനും 14ന് നടത്തുന്ന സാങ്കേതിക ശില്‍പശാലയില്‍ പങ്കെടുക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.
അന്തര്‍ദേശീയ വിനോദസഞ്ചാര സാധ്യതയുള്ള റാംസര്‍ സൈറ്റില്‍ ഉള്‍പ്പെട്ട അഷ്ടമുടിയെ ശുദ്ധീകരിച്ച് സംരക്ഷിക്കുന്നതിനും ആവാസവ്യവസ്ഥ സുരക്ഷിതമാക്കുന്നതിനുമുളള ദീര്‍ഘ-ഹ്രസ്വകാല പദ്ധതികളാണ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തീരത്തുള്ള 12 ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് തയ്യാറാക്കുന്നത്. പദ്ധതിയുടെ ശാസ്ത്രീയത ഉറപ്പ് വരുത്താനാണ് സാങ്കേതിക ശില്പശാല നടത്തുന്നത്-മേയര്‍ വ്യക്തമാക്കി.
ശില്പശാല സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും. അഞ്ചു സെഷനുകളിലായി നടക്കുന്ന ശില്‍പ്പശാലയില്‍ എം. എല്‍. എ മാര്‍, അഷ്ടമുടിയുടെ തീരത്തുള്ള ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍-ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ പ്രവര്‍ത്തകര്‍, മറ്റു ജനപ്രതിനിധികള്‍, നഗരാസൂത്രകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.