പുനർഗേഹം പദ്ധതി: ഗൃഹപ്രവേശവും താക്കോൽദാനവും 16ന്

 
46

പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്‌ളാറ്റുകളുടെയും ഗൃഹപ്രവേശവും താക്കോൽ നൽകലും 16ന് വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ കാരോട്, ബീമാപള്ളി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ് കെട്ടിട സമുച്ചയങ്ങൾ പൂർത്തിയാക്കിയതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം 72, കൊല്ലം 53, ആലപ്പുഴ 68, എറണാകുളം 12, തൃശൂർ 50, മലപ്പുറം 21, കോഴിക്കോട് 14, കണ്ണൂർ 18 വീടുകളാണ് ഗൃഹപ്രവേശനത്തിന് തയ്യാറായത്. പുനർഗേഹം പദ്ധതിയിൽ 339 വീടുകളുടെ നിർമാണം പൂർത്തീകരിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിവിധ തീരദേശ ജില്ലകളിലായി 898 ഭവന സമുച്ചയങ്ങളുടെ നിർമാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

കൊല്ലം, ആലപ്പുഴ മണ്ണുംപുറം, മലപ്പുറം പൊന്നാനി, നിറമരുതൂർ, കോഴിക്കോട് വെസ്റ്റ്ഹിൽ, കാസർകോട് കോയിപ്പടി എന്നിവിടങ്ങളിൽ ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിർമിക്കുന്നു. കൊല്ലം ക്യു എസ് എസ് കോളനിയിൽ 102 ഫ്‌ളാറ്റുകളുടെ സ്ട്രക്ചർ പൂർത്തിയായിട്ടുണ്ട്. ഇവിടെ 36 ഫ്‌ളാറ്റുകളുടെ നിർമാണം കഴിഞ്ഞു. മറ്റിടങ്ങളിലും ഫ്‌ളാറ്റ് നിർമാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കാരോട് 128 ഫ്‌ളാറ്റുകളുടെ നിർമാണത്തിന് 12.8 കോടിയും ബീമാപള്ളിയിൽ 20 ഫ്‌ളാറ്റുകളുടെ നിർമാണത്തിന് 2.4 കോടിയും പൊന്നാനിയിൽ 128 ഫ്‌ളാറ്റുകളുടെ നിർമാണത്തിന് 13.7 കോടി രൂപയും ചെലവഴിച്ചു. തീരമേഖലയിൽ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ പരിധിക്കകത്ത് താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിക്കായി 2450 കോടി രൂപയാണ് ചെലവഴിക്കുകയെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

കാരോട് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ബീമാപള്ളിയിലെ ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജുവും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുക്കും. അഞ്ചുതെങ്ങിലെ ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ, ചവറയിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, അമ്പലപ്പുഴയിൽ സഹകരണ മന്ത്രി വി.എൻ.വാസവൻ, വൈപ്പിനിൽ വ്യവസായ മന്ത്രി പി. രാജീവ്, കയ്പമംഗലത്ത് റവന്യു മന്ത്രി കെ. രാജൻ, കോഴിക്കോട് പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. എം. പിമാർ, എം. എൽ. എമാർ, മറ്റു ജനപ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

From around the web