ഉത്തരവാദിത്ത നിക്ഷേപവും, ഉത്തരവാദിത്ത വ്യവസായവും പ്രാവര്‍ത്തികമാക്കും

തിരുവനന്തപുരം : ഉത്തരവാദിത്ത നിക്ഷേപവും ഉത്തരവാദിത്ത വ്യവസായവും വ്യവസായ വകുപ്പില്‍ പ്രാവര്‍ത്തികമാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഒരു നിക്ഷേപകന്‍ വ്യവസായ നിക്ഷേപത്തിനായി സമീപിക്കുമ്പോള്‍ ആവശ്യമായ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും. പദ്ധതി തയ്യാറാക്കുന്നതു മുതല്‍ വ്യവസായ സംരംഭം ആരംഭിക്കുന്നതുവരെയുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും ആവശ്യമായ സഹായ സഹകരണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനും വ്യവസായ വകുപ്പ് സദാസന്നദ്ധമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെബിപ്പ്) മുഖേന ഓണ്‍ലൈനായി സംഘടിപ്പിച്ച പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതി(പി.എം.എഫ്.എം.ഇ. പദ്ധതി) ഒരു ജില്ല ഒരു ഉല്പന്നം എന്ന സംസ്ഥാനതല ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍, വ്യവസായ വാണിജ്യ ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറും കേരളത്തിന്റെ പിഎം എഫ്എംഇ നോഡല്‍ ഓഫീസറുമായ എം.ജി.രാജമാണിക്യം, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു.
തൃശ്ശൂര്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, തൃശ്ശൂര്‍ കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച്, വയനാട് കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി, തൃശ്ശൂര്‍ കണ്ണറ ബനാന റിസര്‍ച്ച് സ്റ്റേഷന്‍, കാസര്‍ഗോഡ് റീജിയണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍, തിരുവനന്തപുരം സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജ്, കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധര്‍ ടെക്നിക്കല്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. സെമിനാര്‍ ആഗസ്റ്റ് 13 സമാപിക്കും.