തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഡയാലിസിസ് യൂണിറ്റ്

ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.
ആശുപത്രിയില്‍ നേരത്തെ ഉണ്ടായിരുന്ന അഞ്ചെണ്ണം ഉള്‍പ്പെടെ 15 ഡയാലിസിസ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കും. ഈ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഒരു ദിവസം മൂന്നു ഷിഫ്റ്റുകളിലായി 45 പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കും.
എ.എം. ആരിഫ് എം.പി എം.എല്‍.എ ആയിരുന്ന കാലത്ത് അനുവദിച്ച 1.65 കോടി രൂപ വിനിയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റിന് കെട്ടിടം സജ്ജമാക്കിയത്. 10 ഡയാലിസിസ് യന്ത്രങ്ങള്‍, ഡയാലിസ് ചെയറുകള്‍, കിടക്കകള്‍, ആര്‍.ഒ. പ്ലാന്‍റുകള്‍ എന്നിവ കിഫ്ബി ഫണ്ട് മുഖേനയാണ് വാങ്ങിയത്.
യൂണിറ്റിനു വേണ്ട അനുബന്ധ സൗകര്യങ്ങളും പ്രവര്‍ത്തന സഹായവും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഉറപ്പാക്കുമെന്നും താലൂക്ക് പരിധിയിലെ പാവപ്പെട്ട രോഗികള്‍ക്ക് പദ്ധതി ഏറെ പ്രയോജനപ്രദമാകുമെന്നും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗീത ഷാജി പറഞ്ഞു.