കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നൽകണമെന്ന് ആവശ്യം 

 

തിരുവനന്തപുരം: കൊറോണ വൈറസ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താത്തതില്‍ സേനയ്ക്കുളളില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കുന്നു. കൊറോണ വൈറസ് രോഗം ബാധിച്ച് പൊലീസുദ്യോഗസ്ഥന്‍ മരിച്ചതോടെയാണ് സേനാംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന ആവശ്യം പൊലീസ് സംഘടനകളില്‍ നിന്നടക്കം ശക്തമായി ഉയർന്നിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുമ്പ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് തള്ളിക്കളയുകയാണ് ഉണ്ടായത്.

കൊറോണ വൈറസ് രോഗ വ്യാപനം തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന ആശയം ഡിജിപി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനുമുന്നില്‍ വച്ചിരുന്നു. ഡ്യൂട്ടിക്കിടെ രോഗബാധിതരാവുന്ന ഉദ്യോഗസ്ഥര്‍ക്ക് 10 ലക്ഷം രൂപ വരെ ചികിത്സാ സഹായവും രോഗം ബാധിച്ച് മരിച്ചാല്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാര്‍ശ നൽകിയത്. പൊലീസിന് മാത്രമായി ഇങ്ങനെയൊരു ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍ദേശം സര്‍ക്കാര്‍ തളളിക്കളയുകയായിരുന്നു ഉണ്ടായത്. എന്നാല്‍ കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കിടയില്‍ രോഗവ്യാപനം കൂടുന്നെന്ന ആശങ്കയാണ് സേനാംഗങ്ങള്‍ ചുണ്ടികാണിക്കുന്നത്. 

ഇതോടകം 87 പൊലീസുകാര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമ്പര്‍ക്കം ഭയന്ന് ക്വാറന്‍റീനില്‍ കഴിയുന്നവരുടെ എണ്ണം അഞ്ഞൂറിലേറെ വരും. ഇതിനിടയിലാണ് ഇടുക്കി കഞ്ഞിക്കുഴിയില്‍ പൊലീസുദ്യോസ്ഥന്‍റെ മരണം സംഭവിച്ചത്. കൊറോണ വൈറസ് ബാധിതരായ പ്രതികളുമായി ഇടപഴകേണ്ടി വരുന്ന സാഹചര്യം, തീവ്രരോഗ ബാധിത മേഖലകളിലെ തുടര്‍ച്ചയായ ക്രമസമാധാന പാലന ഡ്യൂട്ടി. ഈ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം അനിവാര്യമെന്ന വികാരമാണ് സേനയില്‍ ഉണ്ടാകുന്നത്. പൊലീസിലെ സംഘടനകള്‍ തന്നെ ഈ ആവശ്യം സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നില്‍ ഉന്നയിക്കുകയുണ്ടായി. ഈ ആവശ്യം ആഭ്യന്തര വകുപ്പിന് മുന്നില്‍ വീണ്ടും ഉയര്‍ത്താനൊരുങ്ങുകയാണ് ഡിജിപി.

From around the web