നാടിന്റെ ആരോഗ്യ പുരോഗതിയിൽ കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെ പങ്ക് വലുത് :എം. പി

 
47

നാടിന്റെ ആരോഗ്യ പുരോഗതിയിൽ കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് ഹൈബി ഈഡൻ എം.പി. കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.ചേരാനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡൻ എം.പി, എം. എൽ. എ ആയിരുന്ന കാലയളവിൽ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 99 ലക്ഷം രൂപ മുതൽ മുടക്കിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.

2017-18 സമ്പത്തീക വർഷത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള നോട്ടിഫിക്കേഷൻ വന്നതിനാൽ അതിർത്തി പുനർ നിർണ്ണയം കഴിഞ്ഞതിനു ശേഷമേ പ്രവൃത്തി ആരംഭിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഈ കാരണങ്ങൾ കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകിയതെന്ന് ഹൈബി ഈഡൻ എം. പി പറഞ്ഞു.

3831 ചതുരശ്ര അടി വിസ്തീർണ്ണമാണ് പുതിയ കെട്ടിടത്തിനുള്ളത്. എൻ ആർ എച്ച് എം നിർദേശങ്ങൾ പാലിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. വെയ്റ്റിങ് ഏരിയ, റിസപ്‌ഷൻ, പ്രീ ചെക്കിംഗ് റൂം, 2 ഡോക്ടർമാരുടെ ഒ. പി മുറികൾ, വിഷൻ സെന്റർ, ഡ്രസിങ് റൂം, ഇൻജക്ഷൻ ആൻഡ് നെബുലൈസേഷൻ റൂം, നേഴ്സിംഗ് സ്റ്റേഷൻ, ഒബ്സെർവേഷൻ റൂം, ഫാർമസിയും സ്റ്റോറും, ശുചിമുറികൾ എന്നിവയാണ് കെട്ടിടത്തിലുള്ളത്. ആരോഗ്യ കേന്ദ്രത്തിന്റെ തുടർ വികസനത്തിന്‌ എം. എൽ. എ ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ടി. ജെ വിനോദ് എം. എൽ. എ പറഞ്ഞു. ഹെൽത്ത് സെന്ററിനായി വർഷങ്ങൾക്ക് മുൻപ് 30 സെന്റിലധികം സ്ഥലം സൗജന്യമായി വിട്ടു നൽകിയ കുടുംബാഗം രുക്മിണി ചടങ്ങിൽ പങ്കെടുത്തു

From around the web