ശക്തികുളങ്ങരയിൽ വാഹനാപകടം: ഒരാൾ മരിച്ചു

കൊല്ലം: ദേശീയപാതയിൽ ശക്തികുളങ്ങരയ്ക്ക് സമീപം മിനിലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.
ഒപ്പമുണ്ടായിരുന്ന ക്ലീനറെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെയാണ് വാനുമായി കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. സംഭവസ്ഥലത്ത് തന്നെ വാനിന്റെ ഡ്രൈവര്‍ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ലോറി കുറച്ചു മീറ്ററുകളോളം പിന്നോട്ടുരുണ്ട് രണ്ടു ബൈക്കുകളിൽ കൂടി ഇടിച്ചു. ബൈക്ക് യാത്രികർക്കും കാര്യമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.