കര്‍ണാടക ആര്.ടി.സിക്ക് ഒക്ടോബറില്‍ 22.64 കോടി വരുമാനം

ബംഗളൂരു: കര്‍ണാടക ആര്.ടി.സിക്ക് ഒക്ടോബറില്‍ റെക്കോഡ് വരുമാനമുണ്ടായി . മൈസൂരു ദസറക്കടക്കം പ്രത്യേക ബസുകള്‍ ഓടിച്ചതിലൂടെയും മറ്റുമാണ് ഈ നേട്ടം കൈവരിച്ചത്.കോര്‍പറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗതാഗത വരുമാനമായ 22.64 കോടി രൂപയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഒരു ദിവസം ശരാശരി എട്ട് കോടിയായിരുന്നു സാധാരണ കലക്ഷന്‍. കോര്‍പറേഷന്റെ എല്ലാ വാഹനങ്ങളും നല്ല നിലയില്‍ നിലനിര്‍ത്തുകയും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കുകയും ചെയ്തിട്ടുണ്ട്.
ദസറ പാക്കേജ് ടൂറുകള്‍ കൃത്യസമയത്ത് നടത്തി. യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത തരത്തില്‍ ഇത് സാധ്യമാക്കിയ ജീവനക്കാരെ ചെയര്മാന് എം. ചന്ദ്രപ്പ എം.എല്‍.എയും മാനേജിങ് ഡയറക്ടര്‍ വി. അന്ബുകുമാര് ഐ.എ.എസും അഭിനന്ദിച്ചു.കോര്‍പറേഷനായി 650 പുതിയ ബസ് വാങ്ങാന്‍ പദ്ധതിയുമുണ്ട്. ഇതില്‍ 50 വോള്‍വോ ബസുകളും ഉള്‍പ്പെടുന്നു. 50 ഇലക്ട്രിക് ബസുകള്‍ 15 ദിവസത്തിനുള്ളില്‍ എത്തും. മംഗളൂരു-ബംഗളൂരു ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദീര്‍ഘദൂര റൂട്ടുകളില്‍ ബസുകള്‍ ഓടിക്കുമെന്നും അധികൃതര്‍ അറിയിച്ചു.