മഹാരാഷ്ട്രയിൽ പുതിയ ഒമിക്രോൺ വകഭേദം കണ്ടെത്തി
Updated: Oct 19, 2022, 12:25 IST

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചവരിൽ പുതിയ ഒമിക്രോൺ വകഭേദം കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. ബി.ക്യു.-1 എന്ന പുതിയ വകഭേദം അതിവേഗം പടരുന്നതാണെന്നും സൂക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇതേക്കുറിച്ച് പഠനം നടന്നുവരുകയാണെന്ന് വൈറസിന്റെ ജനിതകമാറ്റം പഠിക്കുന്ന സംഘത്തിന്റെ കോ-ഓർഡിനേറ്റർ ഡോ. രാജേഷ് കാര്യകർത്തെ വ്യക്തമാക്കി.
പുണെയിൽനിന്നുള്ള രോഗികളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. നേരത്തേ ഒമിക്രോൺ ബി.എ. 2.75 ഉപവകഭേദമാണ് കൂടുതൽ പേരിലും കണ്ടിരുന്നത്. ഇപ്പോഴിത് 95 ശതമാനത്തിൽനിന്ന് 75 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം എക്സ്.എക്സ്.ബി. എന്ന ഉപവകഭേദമാണ് കൂടുതൽ പടരുന്നത്. അതിനിടയിലാണ് ഇന്ത്യയിലാദ്യമായി ബി.ക്യു.-1 എന്ന ഉപവകഭേദം കണ്ടെത്തിയിരിക്കുന്നത്.