അഹമ്മദാബാദ് സ്ഫോടന പരന്പര: 49 പേർ കുറ്റക്കാർ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ 2008ലുണ്ടായ സ്ഫോടന പരന്പരക്കേസിൽ 49 പേർ കുറ്റക്കാരെന്നു പ്രത്യേക കോടതി വിധിച്ചു. ഇവർക്കുള്ള ശിക്ഷ ഇന്നു വിധിക്കും. സംശയത്തിന്റെ ആനുകൂല്യം നല്കി 28 പേരെ കുറ്റവിമുക്തരാക്കി. സ്ഫോടനപരന്പരയിൽ 56 പേർ കൊല്ലപ്പെട്ടിരുന്നു.
നിരോധിത സംഘടനയായ ‘സിമി’യുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദീന്റെ പ്രവർത്തകരായ 78 പേരാണ് പ്രതികൾ. ഇതിൽ ഒരാൾ മാപ്പുസാക്ഷിയായി. സഫ്ദർ നഗോരി, ജാവേദ് അഹമ്മദ്, അതികുർ റഹ്മാൻ തുടങ്ങിയവർ പ്രതിപ്പട്ടികയിലുണ്ട്.യുഎപിഎ അനുസരിച്ച് ഭീകരപ്രവർത്തനത്തിന്റെ വകുപ്പുകളും കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് 49 പ്രതികൾക്കുമെതിരെ ചുമത്തിയത്. 2009 ഡിസംബറിൽ തുടങ്ങിയ വിചാരണ കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. 1163 സാക്ഷികളെ വിസ്തരിച്ചു.
2008 ജൂലൈ 26 നു വൈകിട്ട് 6.32നും 7.45നും ഇടയ്ക്കാണ് അഹമ്മദാബാദിൽ 21 ഇടങ്ങളിൽ സ്ഫോടനമുണ്ടായത്. 246 പേർക്കു പരുക്കേറ്റു. സൂറത്ത് അടക്കം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽനിന്ന് പിന്നീട് 29 സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. 2002 ലെ ഗുജറാത്ത് കലാപത്തിനു പ്രതികാരം ചെയ്യാനാണ് സ്ഫോടനങ്ങൾ നടത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.