ഗോവയിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ സാധിക്കാതെ കോൺഗ്രസ്
Jul 12, 2022, 10:45 IST

പനാജി: ഗോവയിൽ പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ സാധിക്കാതെ കോൺഗ്രസ്. രാത്രി വൈകി ചേർന്ന നിയമസഭാ കക്ഷി യോഗത്തിലും മൈക്കൾ ലോബോയുടെ പകരക്കാരൻ ആരെന്ന് തീരുമാനം ആയില്ല. പ്രതിപക്ഷ നേതാവിനെ ഇന്നലെ തന്നെ തീരുമാനിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. അതേസമയം, അയോഗ്യനാക്കാനുള്ള നടപടി തുടങ്ങിയതോടെ അനുനയ നീക്കങ്ങളുമായി മൈക്കൾ ലോബോ രംഗത്തെത്തിയെങ്കിലും നേതൃത്വം വഴങ്ങുന്നില്ല.
ഗോവയിൽ വിമത നീക്കം പൊളിഞ്ഞതോടെയാണ് കോൺഗ്രസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ മുൻ പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ ശ്രമം തുടങ്ങിയത്. രാത്രി പനാജിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന നിയമസഭാ കക്ഷി യോഗത്തിനെത്തിയ അദ്ദേഹം, എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.