പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സുപ്രീം കോടതിയില്‍

 
18
 

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമം മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമത്തില്‍ തമിഴ് അഭയാര്‍ഥികളെ കൊണ്ട് വരാത്തത് കൊണ്ടുതന്നെ നിയമം തമിഴര്‍ക്ക് എതിരാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഡിഎംകെ ആരോപിച്ചിട്ടുണ്ട്.

ഡിഎംകെ ജനറല്‍ സെക്രട്ടറി ആര്‍ ഭാരതിയാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്തത്. പൗരത്വം നല്‍കുന്നതിന് മതം അടിസ്ഥാനമാക്കുന്ന പുതിയ വ്യവസ്ഥയ്ക്ക് ആണ് നിയമം തുടക്കം ഇടുന്നതെന്ന് സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്. മുസ്ലിങ്ങളെ നിയമത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയതിന് കൃത്യമായ വിശദീകരണം ഇല്ല. പീഡനം അനുഭവിക്കുന്ന ആറ് രാജ്യങ്ങളിലെ മുസ്ലിങ്ങളെ പോലും നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വന്നിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

From around the web