'പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണം'; സുപ്രിംകോടതിയില്‍ ഹര്‍ജി
Nov 3, 2022, 12:31 IST

ഡൽഹി: 6 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. അഭിഭാഷകരായ വരീന്ദര്‍ കുമാര്‍ ശര്‍മ, വരുണ്‍ താക്കൂര്‍ എന്നിവര്‍ മുഖേനെ ജയ താക്കൂറാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ആര്‍ത്തവത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും വീട്ടിലെ മുതിര്‍ന്നവരില്‍ നിന്ന് കൃത്യമായ ഉപദേശവും കരുതലും പലപ്പോഴും ദരിദ്രപശ്ചാത്തലത്തിലുള്ള കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഇത് ഗുരുതര ആരോഗ്യ, മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. താഴ്ന്ന സാമ്പത്തികനില, വിദ്യാഭ്യാസമില്ലായ്മ, അന്ധവിശ്വാസങ്ങള്‍, വൃത്തിഹീനമായ അന്തരീക്ഷം എന്നിവ അവസ്ഥ മോശമാക്കുന്നതായും ഹര്‍ജിയിൽ ഉണ്ട്.