ബംഗാളില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ എംപിയുമായ മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. മുസഫര്‍ അഹമ്മദിന് ശേഷം പാര്‍ട്ടി ഉന്നത സ്ഥാനത്തെത്തുന്ന ആദ്യ ന്യൂനപക്ഷ നേതാവാണ് മുഹമ്മദ് സലിം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നതിന് മുമ്പ് 1951ലാണ് മുസഫര്‍ അഹമ്മദ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെത്തുന്നത്.
സിപിഎമ്മിന്റെ ആദ്യത്തെ ന്യൂനപക്ഷ സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് സലിം. സെക്രട്ടറി സ്ഥാനത്തേക്ക് പുതുമുഖത്തെ പരിഗണിച്ചതാണ് സലീമിന് നറുക്ക് വീഴാന്‍ കാരണം. സൂര്യകാന്ത മിശ്രക്ക് ശേഷം സ്ഥാനത്തെത്താന്‍ മൂന്ന് നേതാക്കള്‍ രംഗത്തുണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നു. ശ്രീതിബ് ഭട്ടാചാര്യ, സുജന്‍ ചക്രബൊര്‍ത്തി എന്നിവരെ പിന്തള്ളിയാണ് സലീം സെക്രട്ടറിയായത്.
ബ്രാഹ്മിണ്‍ മുഖത്തേക്കാള്‍ സംസ്ഥാനത്ത് ന്യൂനപക്ഷമുഖമായിരിക്കും നല്ലതെന്ന പൊളിറ്റ് ബ്യൂറോയുടെ നിഗമനമാണ് സലിമിന് ഗുണം ചെയ്തത്. ബംഗാളില്‍ വലിയ മാറ്റത്തിനാണ് സിപിഎം തുടക്കമിടുന്നതെന്ന സൂചന നല്‍കി 79 അംഗ സംസ്ഥാന കമ്മിറ്റിയില്‍ നിരവധി പുതുമുഖങ്ങള്‍ ഇടംപിടിച്ചു. 14 സ്ത്രീകളും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. മുതിര്‍ന്ന നേതാക്കളായ സുര്യാകാന്ത മിശ്ര, രബിന്‍ ദേവ് എന്നിവര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവായി. വെള്ളിയാഴ്ചയാണ് സംസ്ഥാന സമ്മേളനം അവസാനിക്കുക.
കടുത്ത വിമര്‍ശനമാണ് ജില്ലാ കമ്മിറ്റികള്‍ നേതൃത്വത്തിനെതിരെ ഉന്നയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്നും ജനങ്ങളെ സംഘടിപ്പിച്ച് വലിയ സമരപരിപാടികള്‍ നടത്തിയില്ലെന്നും കുറ്റപ്പെടുത്തുകയും ചെയ്തു.