'ഇന്ത്യയുടെ പ്രിയപ്പെട്ട ശബ്ദം'; അനുശോചിച്ച് രാഹുലും പ്രിയങ്കയും

ന്യൂഡൽഹി: ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പതിറ്റാണ്ടുകളായി അവർ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദമായി തുടർന്നതായും അവരുടെ സുവർണ ശബ്ദം അനശ്വരമാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ലാതാജിയുടെ ശബ്ദം ആരാധകരുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നത് തുടരുമെന്നും കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും അനുശോചനം നേരുന്നതായും രാഹുൽ പറഞ്ഞു.
'ലതാജിയുടെ വിയോഗം ഇന്ത്യൻ കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ദുഃഖ വേളയിൽ വേദന താങ്ങാൻ ദൈവം അവരുടെ കുടുംബാംഗങ്ങൾക്ക് ധൈര്യം നൽകട്ടെ'-മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോടൊപ്പമുള്ള ലത മങ്കേഷ്കറിന്റെ ചിത്രംപങ്കുവെച്ച് പ്രിയങ്ക ട്വിറ്റ് ചെയ്തു.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മുംബെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവായതിനെത്തുട ർന്ന് ജനുവരി എട്ടിനാണു ലതാ മങ്കേഷ്കറെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരിയ രോഗലക്ഷണങ്ങളാണ് അന്നുണ്ടായിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ജനുവരി 29നു ലതാ മങ്കേഷ്കറെ വെന്റിലേറ്ററിൽനിന്നു മാറ്റിയിരു ന്നു. എന്നാൽ, ഐസിയുവിൽത്തന്നെ തുടരുകയായിരുന്നു. ശനിയാഴ്ചയോടെ വീണ്ടും നില വഷളായി. ഇതോടെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.