നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധി ഇഡി മുന്നിൽ ഹാജരാകും

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകും. ജൂലൈ 21ന് ഹാജരാകാനുള്ള ഇഡി നിർദേശം അംഗീകരിക്കാൻ കോണ്ഗ്രസ് തീരുമാനിച്ചു.ആരോഗ്യകാരണങ്ങളെ തുടർന്ന് സോണിയ നേരത്തെ ഹാജരായിരുന്നില്ല. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
അതേസമയം സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നീക്കം പ്രതിരോധിക്കാൻ കോൺഗ്രസ് നേതൃയോഗം ഇന്ന്. ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷന്മാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. വിദേശത്തായതിനാൽ രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുക്കില്ല.
നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 21 ന് ഹാജരാകാനാണ് സോണിയ ഗാന്ധിക്ക് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിന് മുന്നേടിയായാണ് കോൺഗ്രസ് നേതൃയോഗം. അധ്യക്ഷയെ തന്നെ ഇ.ഡി ചോദ്യം ചെയ്യുന്നതിനാൽ അതീവ ഗൗരവത്തോടെയാണ് വിഷയം കോൺഗ്രസ് കാണുന്നത്. ഏത് രീതിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണം എന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്യും.