പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി വൈകിട്ട്

കര്‍ഷക സംഘടനകളുടെ പ്രതിഷേധ ഭീഷണിക്കിടെ പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി വൈകിട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഒരു വിഭാഗം കര്‍ഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി. റാലി നടക്കുന്ന ജലന്ധര്‍ കനത്ത സുരക്ഷയിലാണ്. ജലന്ധറിലെ വിവിധ മേഖലകളില്‍ നിരവധി കര്‍ഷക സംഘടന നേതാക്കളെയാണ് വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്. റാലിക്കെത്തുന്ന പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുമെന്ന് 23 കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
റാലി നടക്കുന്ന സ്ഥലത്തും പ്രധാനമന്ത്രിയെത്തുന്ന വഴികളിലും കറുത്ത കൊടി ഉയര്‍ത്തി പ്രതിഷേധമറിയിക്കും. ഗ്രാമങ്ങളില്‍ നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും ആഹ്വാനം നല്‍കിയിരിക്കുകയാണ്. താങ്ങുവിലയില്‍ സമിതി രൂപീകരിച്ചതല്ലാതെ തുടര്‍ നടപടികളില്ല. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിച്ചിട്ടില്ല. കര്‍ഷക വഞ്ചന കേന്ദ്രസര്‍ക്കാര്‍ തുടരുന്നുവെന്ന മുദ്രാവാക്യം ഉയര്‍ത്തിയാകും പ്രതിഷേധം. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് പൊലീസിന് പുറമെ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്‍ടറില്‍ ജലന്ധറില്‍ എത്തിയ ശേഷം റാലി നടക്കുന്ന പിഎപി ഗ്രൗണ്ടിലേക്ക് റോഡ് മാര്‍ഗം പ്രധാനമന്ത്രി പോകുമെന്നാണ് അറിയുന്നത്.