ബംഗാളിൽ തൃണമൂൽ സർക്കാർ ഡിസംബറോടെ നിലംപതിക്കുമെന്ന് സുവേന്ദു അധികാരി

 
17
 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ ഡിസംബറോടെ നിലംപതിക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുർബ മേദിനിപൂർ ജില്ലയിലെ താംലുക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു സുവേന്ദു അധികാരിയുടെ പ്രതികരണം. തൃണമൂല്‍ സർക്കാരിനെ പുറത്താക്കാനുള്ള വേദി ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

"കുറച്ച് മാസങ്ങൾ കാത്തിരിക്കൂ. ഈ സർക്കാരിന്‍റെ ബംഗാളിലെ അധികാരം അവസാനിക്കും. എന്റെ വാക്കുകൾ അടയാളപ്പെടുത്തിക്കൊള്ളൂ. ഈ വർഷം ഡിസംബറോടെ, തൃണമൂൽ ബംഗാളിൽ അധികാരത്തിലുണ്ടാവില്ല. പശ്ചിമ ബംഗാളിൽ 2024ൽ നിയമസഭാ തെരഞ്ഞെടുപ്പും പാർലമെന്റ് തെരഞ്ഞെടുപ്പും ഒരേസമയം നടക്കും"- സുവേന്ദു അധികാരി വിശദീകരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തിയ നേതാവാണ് സുവേന്ദു അധികാരി.

തൃണമൂല്‍ കോൺഗ്രസിന്റെ 38 എംഎല്‍എമാര്‍ക്ക് ബിജെപിയുമായി നല്ല ബന്ധമുണ്ടെന്ന് നേരത്തെ മിഥുന്‍ ചക്രബര്‍ത്തിയും അവകാശപ്പെടുകയുണ്ടായി. 38 പേരില്‍ 21 പേരും ബി.ജെ.പിയുമായി നേരിട്ട് ബന്ധമുള്ളവരാണെന്നാണ് അദ്ദേഹം പറഞ്ഞത്.

From around the web