കശ്‌മീർ ഫയൽസ് സിനിമ വർഗീയ ധ്രുവീകരണം തീവ്രമാക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി

ഡൽഹി: കശ്‌മീർ ഫയൽസ് സിനിമ വർഗീയ ധ്രുവീകരണം തീവ്രമാക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ വ്യക്തമാക്കി. കശ്‌മീരിൽ തൊണ്ണൂറുകളിൽ തീവ്രവാദികൾ നടത്തിയ കൊലപാതകങ്ങളെ പാർടി ശക്തമായി അപലപിച്ചിട്ടുണ്ട്. 1989 ഡിസംബറിൽ തീവ്രവാദികളുടെ വധശ്രമത്തിന് ആദ്യം ഇരയായവരിലൊരാൾ സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയാണ്.
ദുരനുഭവമുണ്ടായ കശ്‌മീരി പണ്ഡിറ്റുകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഇവരുടെ ക്ഷേമ പുനരധിവാസ പ്രശ്‌നങ്ങളും സിപിഐ എം ഏറ്റെടുത്തിരുന്നു.കശ്‌മീരി പണ്ഡിറ്റുകളുടെ ദുരനുഭവം വിവരിക്കുന്ന "കശ്‌മീർ ഫയൽസ്' ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷത്തിന്റെ അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഹിതമല്ല. തീവ്രവാദത്തിനെതിരായ പോരാട്ടം എല്ലാ ഇന്ത്യക്കാരുടെയും യോജിച്ച പോരാട്ടമാണ്. തീവ്രവാദശക്തികളുടെ അതിക്രമങ്ങൾക്ക് എല്ലാ സമുദായങ്ങളും ഇരയായിട്ടുണ്ടെന്നും കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ പറയുന്നു.