അടുത്ത ലക്ഷ്യം ഗുജറാത്തും ഹിമാചൽപ്രദേശും; ആം ആദ്മി
Mar 12, 2022, 14:03 IST

ഡൽഹി: ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ഒരു കൈ നോക്കുമെന്ന് ആം ആദ്മി പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു. പോരിന് കച്ച മുറുക്കി ബിജെപിയും രംഗത്തുണ്ട്. പഞ്ചാബിലെ അഭൂതപൂർവമായ വിജയത്തിന് പിന്നാലെ ഞങ്ങൾ ഗുജറാത്തിലേക്ക് പോകുകയാണെന്നാണ് ആപ്പ് പ്രഖ്യാപിച്ചത്. ഇതിനിടെ ബിജെപി ഇന്നലെ ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച പരിപാടികൾ ശരിക്കും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കേളി കൊട്ടായി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്വന്തം സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും നടത്തിയ റോഡ് ഷോ, പോരാട്ടം തുടങ്ങിയെന്ന ബിജെപിയുടെ പ്രഖ്യാപനമായി മാറി. അടുത്ത പോരാട്ടം ഗുജറാത്തിലാണെന്ന് എഎപി ഗുജറാത്ത് ഇൻ ചാർജ് ഗുലാബ് സിംഗ് വ്യക്തമാക്കി.